ഫുട്‌ബോള്‍ ബിസിനസില്‍ കൈവയ്ക്കാന്‍ പൃഥ്വിരാജ്; ലക്ഷ്യമിടുന്നത് ഈ ക്ലബില്‍ നിക്ഷേപം

ഫുട്‌ബോളില്‍ നിക്ഷേപം നടത്താനൊരുങ്ങി നടന്‍ പൃഥ്വിരാജ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാനാണ് പൃഥ്വിയുടെ നീക്കം. മലയാളം സിനിമയില്‍ നിന്ന് നിലവില്‍ സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട് ആരും പ്രവര്‍ത്തിക്കുന്നില്ല. പൃഥ്വിരാജിന്റെ വരവോടെ കൂടുതല്‍ താരങ്ങള്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ നിക്ഷേപം നടത്താന്‍ തയാറാകുമെന്നാണ് വിലയിരുത്തല്‍.
നോട്ടം ഈ ക്ലബിനെ
സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്ന ആറ് ക്ലബുകളിലൊന്നാണ് തൃശൂര്‍ റോര്‍സ് എഫ്.സി. ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കുന്ന ബ്രിസ്‌ബെയ്ന്‍ റോര്‍സ് എഫ്.സിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ കാസ് പടാഫ്ത ആണ് ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
മാഗ്നസ് സ്‌പോര്‍ട്‌സ്, നുസീം ടെക്‌നോളജീസ് എന്നീ കമ്പനികളാണ് ടീമിന്റെ മറ്റ് ഓഹരിയുടമകള്‍. പൃഥ്വിരാജ് കൂടി വരുന്നതോടെ നിക്ഷേപത്തിനൊപ്പം ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാകും. വലിയ ഫാന്‍ബേസ് ഉണ്ടാക്കിയെടുക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് മാതൃക
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ലോകത്ത് വലിയ ഹിറ്റായി മാറാന്‍ കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വരവാണ്. പ്രഥമ സീസണ്‍ മുതല്‍ സച്ചിന്റെ സാന്നിധ്യം ടീമിന് വലിയതോതില്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഇടയാക്കി. ഈ മാതൃക പകര്‍ത്താനാണ് തൃശൂര്‍ റോര്‍സ് എഫ്‌സിയുടെ ശ്രമവും. പൃഥ്വിരാജുമായി ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.പൃഥ്വിരാജ് ക്ലബുമായി സഹകരിച്ചാല്‍ അതിന്റെ ഗുണം സൂപ്പര്‍ ലീഗ് കേരളയ്ക്കും ലഭിക്കും.
നവാസ് മീരാന്റെ സ്വപ്‌നപദ്ധതി
സൂപ്പര്‍ ലീഗ് കേരളയുടെ പിന്നിലെ ബുദ്ധികേന്ദ്രം പ്രമുഖ ബിസിനസുകാരനായ നവാസ് മീരാനാണ്. അദ്ദേഹമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്. കേരള ഫുട്‌ബോളിനെ പുതിയ തലത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള അണിയിച്ചൊരുക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി അടക്കമുള്ളവര്‍ ലീഗില്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രാഞ്ചൈസികളുടെ വരുമാനമാര്‍ഗം ഇങ്ങനെ
കോടികള്‍ മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം പ്രധാനമായും വരുന്നത് സ്പോണ്‍സര്‍ഷിപ്പ്, ഗേറ്റ് കളക്ഷന്‍, സെന്‍ട്രല്‍ റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാര്‍ സ്പോര്‍ട്സും ഹോട്ട്സ്റ്റാറും ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ചാനല്‍ പാര്‍ട്ണര്‍മാര്‍. തുടക്കത്തില്‍ പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.
സ്പോണ്‍സര്‍പ്പിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാര്‍ക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താന്‍.

Related Articles

Next Story

Videos

Share it