Begin typing your search above and press return to search.
സിമന്റ് രാജയാകാന്‍ അദാനി, സി.കെ ബിര്‍ലയുടെ ഓറിയന്റ് സിമന്റ് ഏറ്റെടുത്ത് അംബുജ
ഓറിയന്റ് സിമന്റ് ലിമിറ്റഡിനെ (ഒ.സി.എല്‍) ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ്. 8,100 കോടി രൂപയുടെ ഓഹരി മൂല്യം കണക്കാക്കിയാണ് ഇടപാട്. നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നും ചില ഓഹരി ഉടമകളില്‍ നിന്നും 46.8 ശതമാനം ഓഹരിയാണ് അംബുജ സിമന്റ്‌സ് സ്വന്തമാക്കിയത്. ചന്ദ്രകാന്ത് ബിര്‍ലയുടെ നേതൃത്വത്തിലുള്ള സി.കെ ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഓറിയന്റ് സിമന്റ്‌സ്. ഒരു കാലത്ത് ഇന്ത്യന്‍ വാഹന വിപണിയിലെ തരംഗമായിരുന്ന അംബാസഡര്‍ കാറുകള്‍ നിര്‍മിച്ചിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ നയിച്ചിരുന്നത് സി.കെ ബിര്‍ലയായിരുന്നു. മറ്റ് ബിസിനസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടപാടെന്ന് സി.കെ ബിര്‍ല പ്രതികരിച്ചു.
വര്‍ഷത്തില്‍ 8.5 ദശലക്ഷം ടണ്‍ (മില്യന്‍ ടണ്‍ പെര്‍ ആനം- എം.ടി.പി.എ) ഉത്പാദക ശേഷിയുള്ള കമ്പനിയാണ് ഓറിയന്റ് സിമന്റ്. ഇതോടെ അദാനി സിമന്റ്‌സിന്റെ പ്രവര്‍ത്തന ശേഷി 97.4 എം.ടി.പി.എ ആയി വര്‍ധിക്കും. പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ ശേഷിയിലേക്ക് വളരണമെന്ന അദാനി സിമന്റ്‌സിന്റെ ലക്ഷ്യത്തോട് അടുക്കുന്ന നടപടിയാണിതെന്ന് അംബുജ സിമന്റ്‌സ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. ഇന്ത്യയിലെ സിമന്റ് വിപണിയിലെ അദാനിയുടെ വിഹിതം ഇതോടെ രണ്ട് ശതമാനം വര്‍ധിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതും തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ ഓറിയന്റ് സിമന്റിന്റെ പ്ലാന്റുകള്‍ക്കൊപ്പം രാജസ്ഥാനിലെ ലൈം സ്റ്റോണ്‍ ഖനിയും അദാനി ഏറ്റെടുത്തു. ഓഹരി നിയന്ത്രണ സ്ഥാപനമായ സെബിയുടെ അംഗീകാരം ലഭിച്ചാലേ ഇടപാട് പൂര്‍ത്തിയാകൂ.
ആരാകും സിമന്റ് രാജ? ബിര്‍ലയോ അദാനിയോ
അടുത്ത അഞ്ച് വര്‍ഷത്തിനകം 4.11 ലക്ഷം കോടി രൂപയുടേതാകുമെന്ന് കരുതുന്ന ഇന്ത്യന്‍ സിമന്റ് വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കുമാര്‍ മംഗളം ബിര്‍ലയുടെ ആദിത്യ ബിര്‍ല ഗ്രൂപ്പും അദാനി ഗ്രൂപ്പും. ഈ മേഖലയില്‍ ദീര്‍ഘകാലമായി ആധിപത്യം തുടരുന്ന ബിര്‍ലയുടെ അള്‍ട്രാടെക് സിമന്റിനെ മറികടക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് 2022ല്‍ മാത്രം കളത്തിലിറങ്ങിയ അദാനി. നിലവില്‍ വിപണിയിലുള്ള കമ്പനികളെ ഏറ്റെടുത്തു കൊണ്ടാണ് ഇതിനുള്ള ശ്രമം നടക്കുന്നത്. നിലവില്‍ കാല്‍ഭാഗത്തോളം വിപണി വിഹിതം സ്വന്തമാക്കിയ അദാനി ഗ്രൂപ്പാണ് സിമന്റ് വിപണിയിലെ രണ്ടാം സ്ഥാനക്കാര്‍. 31 ശതമാനം വിപണി വിഹിതവുമായി അള്‍ട്രാടെക് സിമന്റാണ് മുന്നിലുള്ളത്.
Next Story
Videos