
ഗൗതം അദാനിയുടെ കീഴിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (Adani Airports Holdings Ltd) ആഗോള ബാങ്കിംഗ് സ്ഥാപനങ്ങളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 750 മില്യണ്‍ ഡോളര്‍ വായ്പയെടുത്തു.
അദാനി എയര്‍പോര്‍ട്ട്‌സ് കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ കപ്പാസിറ്റി കൂട്ടുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും നിലവിലുള്ള കടങ്ങള്‍ പുന:ക്രമീകരിക്കുന്നതിനുമാകും വായ്പ ഉപയോഗപ്പെടുത്തുക. വിമാനത്താവളങ്ങളിലെ റീട്ടെയ്ല്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും അദാനി എയര്‍പോര്‍ട്ട്‌സിന് പദ്ധതിയുണ്ട്.
അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹതി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് നിലവില്‍ അദാനി കമ്പനിയുടെ കൈകളിലാണ്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഈ വിമാനത്താവളങ്ങളില്‍ ഒരുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഫസ്റ്റ് അബുദാബി ബാങ്ക്, ബാര്‍സിലെസ് പി.എല്‍.സി, സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് അദാനി ഗ്രൂപ്പിന് വായ്പ നല്കിയത്. 2024-25 സാമ്പത്തികവര്‍ഷം 94 മില്യണ്‍ യാത്രക്കാര്‍ അദാനി എയര്‍പോര്‍ട്ട്‌സിന് നടത്തിപ്പ് ചുമതലയുള്ള വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചുവെന്നാണ് കണക്ക്.
110 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കപ്പാസിറ്റിയുള്ളതാണ് ഈ ആറു വിമാനത്താവളങ്ങള്‍. 2040ഓടെ കപ്പാസിറ്റി 300 മില്യണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് അദാനി എയര്‍പോര്‍ട്ട്‌സിന്റെ ലക്ഷ്യം.
അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരിപങ്കാളിത്തമുള്ള നവി മുംബൈ വിമാനത്താവളവും അധികം വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. 20 മില്യണ്‍ യാത്രക്കാരെ ആദ്യ ഘട്ടത്തില്‍ ഇതുവഴി സഞ്ചരിക്കാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine