ചൈനക്കൊരു ചെക്ക്, കൊളംബോ തുറമുഖത്തിന്റെ ശേഷി നേരത്തേ ഇരട്ടിയാക്കാന്‍ അദാനി, ₹7,300 കോടിയുടെ ടെര്‍മിനല്‍ വിഴിഞ്ഞത്തിന് ഭീഷണിയാകുമോ?

നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 32 ലക്ഷം ടി.ഇ.യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിന് ശേഷിയുണ്ടാകും
Large Maersk container ship docked at a port with cranes unloading cargo containers. In the foreground, an Indian businessman (Gautam Adani) in a suit is smiling, with the port and sea in the background
https://www.cwit.lk/ , facebook / Adani Group
Published on

ഏകദേശം 7,300 കോടി രൂപ (840 ദശലക്ഷം ഡോളര്‍) ചെലവില്‍ നിര്‍മിക്കുന്ന കൊളംബോ തുറമുഖ ടെര്‍മിനലിന്റെ ശേഷി കാലാവധിക്ക് മുമ്പ് ഇരട്ടിയാക്കാന്‍ അദാനി ഗ്രൂപ്പ്. 553 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,800 കോടി രൂപ) യു.എസ് വായ്പ വേണ്ടെന്ന് വച്ചതിന് പിന്നാലെയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിര്‍ണായക സ്ഥാനത്താണ് കൊളംബോ വെസ്റ്റ് അന്താരാഷ്ട്ര ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ചൈനയുടെ മെര്‍ച്ചന്റ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന്റെ ടെര്‍മിനലുമുണ്ട്. മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

കഴിഞ്ഞ ഏപ്രിലിലാണ് പൂര്‍ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൊളംബോ ടെര്‍മിനല്‍ അദാനി ഗ്രൂപ്പ് പ്രവര്‍ത്തന സജ്ജമാക്കിയത്. രണ്ടാം ഘട്ടം 2027 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആലോചന. എന്നാല്‍ ഇതിനും നാല് മാസങ്ങള്‍ക്ക് മുമ്പ് 2026ന്റെ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതകളുടെ ഭാഗമായി അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ പൂര്‍ണമായി നിലച്ചിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കമെന്നും ശ്രദ്ധേയം. നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 32 ലക്ഷം ടി.ഇ.യു (ഇരുപതടി കണ്ടെയ്‌നര്‍) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിന് ശേഷിയുണ്ടാകും. ഇന്ത്യയിലെ ട്രാന്‍സ്ഷിപ്പ്‌മെന്റിന്റെ 70 ശതമാനവും കൊളംബോ തുറമുഖം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കണക്ക്.

കൈക്കൂലി കേസില്‍ ഫണ്ട് മുടങ്ങി

553 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം യു.എസ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നിയമനടപടിയിലേക്ക് കടന്നതോടെ കഴിഞ്ഞ ഡിസംബറില്‍ ഈ നീക്കം ഉപേക്ഷിച്ചു. പദ്ധതിക്ക് മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താനാണ് നിലവില്‍ ഗ്രൂപ്പിന്റെ ആലോചന. കൊളംബോ പോര്‍ട്ടില്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണിന് 51 ശതമാനം ഓഹരി വിഹിതമാണുള്ളത്. ജോണ്‍ കീല്‍സ് എന്ന കമ്പനിക്ക് 34 ശതമാനവും ശ്രീലങ്ക പോര്‍ട്‌സ് അതോറിറ്റിക്ക് 15 ശതമാനവും ഓഹരി വിഹിതമുണ്ട്.

വിഴിഞ്ഞത്തെ ബാധിക്കുമോ

കൊളംബോ ടെര്‍മിനല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വലിയ തോതില്‍ ഭീഷണിയാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രണ്ട് തുറമുഖങ്ങളുടെയും പ്രവര്‍ത്തനം അദാനി ഗ്രൂപ്പിന് കീഴിലാണ്. എന്നാല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ കൊളംബോ തുറമുഖത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ പതിയെ വിഴിഞ്ഞത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റും നടക്കുന്നത് കൊളംബോ വഴിയാണ്. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് പോലും അടുക്കാന്‍ കഴിയുന്ന സ്വാഭാവിക ആഴം, ആധുനിക ക്രെയിനുകള്‍, അന്താരാഷ്ട്ര സമുദ്ര പാതയുടെ സാമീപ്യം എന്നിവ വിഴിഞ്ഞത്തിന് ഗുണമാകും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് വേഗത്തില്‍ വിഴിഞ്ഞത്തെത്തി ചരക്കിറക്കി മടങ്ങാന്‍ കപ്പലുകള്‍ക്ക് കഴിയും. ആഴം കുറഞ്ഞ കടലും തിരക്ക് വര്‍ധിക്കുന്നതും കൊളംബോ തുറമുഖത്തിന് തിരിച്ചടിയാണെങ്കിലും ഇരുതുറമുഖങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ശ്രീലങ്കയില്‍ കൂടുതല്‍ നിക്ഷേപത്തിന് അദാനി

അതേസമയം, അദാനി ഗ്രൂപ്പിന്റെ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളും ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ബില്യന്‍ ഡോളറിന്റെ (ഏകദേശം 8,700 കോടി രൂപ) രണ്ട് കാറ്റാടിപാടങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയിരുന്നു. പദ്ധതിയുടെ നിരക്ക് കുറക്കണമെന്ന് പുതുതായി സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് അനുര കുമാര ഡിസനായകെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശരിയായ ടെണ്ടര്‍ വിളിക്കാതെയാണ് പദ്ധതി അദാനിക്ക് കൈമാറിയതെന്നായിരുന്നും ആക്ഷേപം. പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും സുതാര്യതയും ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ നീക്കുപോക്കിന് തയ്യാറാണെന്നാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ നിലപാട്. 100 മെഗാവാട്ടിന്റെ കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാകാന്‍ അദാനി ഗ്രൂപ്പ് നടത്തിയ ഇടപെടലുകള്‍ ശുഭസൂചകമാണ്. അദാനിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും കൊളംബോ ടെര്‍മിനല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംതൃപ്തരാണെന്നും ശ്രീലങ്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അര്‍ജുന ഹെറാത്ത് പറയുന്നു.

Adani Group is set to double Colombo Port terminal capacity ahead of schedule with a ₹7,300 crore investment. The port will handle 3.2 million TEUs yearly, raising questions on Vizhinjam’s future. Experts say both ports may complement each other.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com