മലയാളി വ്യവസായിക്കൊപ്പം സ്‌കൂള്‍ മേഖലയില്‍ കൈകോര്‍ക്കാന്‍ ഗൗതം അദാനിയും; വന്‍ വിപുലീകരണ പദ്ധതികളുമായി ജെംസ്

ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നത്
sunny varkey gems education and gautam adani
gemseducation.com/en
Published on

ദുബൈ ആസ്ഥാനമായുള്ള പ്രമുഖ മലയാളി വ്യവസായി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എഡ്യുക്കേഷന്‍ (GEMS Education) ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുമായി കൂട്ടുചേരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പ്രൈവറ്റ് സ്‌കൂള്‍ നെറ്റ്‌വര്‍ക്കാണ് ജെംസ് ഗ്രൂപ്പിന്റേത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സണ്ണി വര്‍ക്കിയുടെ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നത്. 50:50 ഓഹരിപങ്കാളിത്തത്തിലാകും പുതിയ സംരംഭം. ഈ പുതുസംരംഭത്തില്‍ സ്‌കൂളുകളുടെ നടത്തിപ്പ്, ടീച്ചര്‍മാരുടെ റിക്രൂട്ട്‌മെന്റ്, ട്രെയിനിംഗ് എന്നിവയെല്ലാം ജെംസ് ഗ്രൂപ്പാകും ചെയ്യുക.

മൂന്നില്‍ വലിയ ലക്ഷ്യങ്ങള്‍

പദ്ധതിയിലേക്ക് ഏകദേശം 234 മില്യണ്‍ ഡോളര്‍ അദാനി ഗ്രൂപ്പ് മുതല്‍മുടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അദാനി ജെംസ് സ്‌കൂള്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ജെംസിന് ഇന്ത്യയില്‍ രണ്ട് സ്‌കൂളുകള്‍ മാത്രമാണുള്ളത്. കൊച്ചിയിലും ഗുരുഗ്രാമിലും. നിലവില്‍ എട്ടു രാജ്യങ്ങളിലായി 92 സ്‌കൂളുകള്‍ ജെംസ് ഗ്രൂപ്പിനുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കുകയെന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് അദാനി ഗ്രൂപ്പുമായുള്ള കൂടിച്ചേരല്‍. 40 വര്‍ഷം മുമ്പ് ഒരു സ്‌കൂളും 350 കുട്ടികളുമായി ജെംസ് എഡ്യുക്കേഷന് തുടക്കമിട്ട സണ്ണി വര്‍ക്കിക്ക് വലിയ വളര്‍ച്ച നേടാന്‍ സാധിച്ചിരുന്നു.

അടുത്ത മൂന്നു വര്‍ഷത്തിനിടെ 300 മില്യണ്‍ ഡോളര്‍ യു.എ.ഇയില്‍ നിക്ഷേപിക്കാനാണ് ജെംസിന്റെ പദ്ധതി. സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച 2030ഓടെ 10.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് നിഗമനം. വിവിധ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തിനായി യു.എ.ഇയിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. ഈ സാധ്യത കണ്ടറിഞ്ഞാണ് ജെംസ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് വിപുലീകരണത്തിന് ഒരുങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com