

അദാനി ഗ്രീന്‍ എനര്‍ജി (എ.ജി.ഇ.എല്‍)യിലെ 6 ശതമാനം ഓഹരി വില്‍ക്കാന്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്. ഏതാണ്ട് 10,000 കോടി രൂപയോളം വരുന്ന ഓഹരികളാണ് കമ്പനി വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സബ്‌സിഡിയറി കമ്പനികളിലായി ഏകദേശം 19 ശതമാനം ഓഹരികളാണ് ടോട്ടല്‍ എനര്‍ജീസിനുള്ളത്. 15.58 ശതമാനം ഓഹരി ടോട്ടല്‍ എനര്‍ജീസ് റിന്യൂവബിള്‍സ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനും 3.41 ശതമാനം ടോട്ടല്‍ എനര്‍ജീസ് സോളാര്‍ വിന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനുമാണ്.
2021ലാണ് 2.5 ബില്യന്‍ ഡോളര്‍ (22,300 കോടി രൂപ) മുടക്കി അദാനി കമ്പനിയിലെ ഓഹരികള്‍ ടോട്ടല്‍ എനര്‍ജീസ് വാങ്ങുന്നത്. നിലവില്‍ 8 ബില്യന്‍ ഡോളറാണ് (ഏകദേശം 71,350 കോടി രൂപ) ഈ ഓഹരികളുടെ മൂല്യം. നാല് വര്‍ഷത്തിനിടെ മൂന്ന് മടങ്ങോളം ഓഹരി വില വര്‍ധിച്ചതോടെയാണ് ലാഭമെടുക്കാന്‍ ടോട്ടല്‍ എനര്‍ജീസ് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഹരികള്‍ അദാനി എനര്‍ജീസ് തന്നെ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.
ഓഹരികള്‍ വിറ്റൊഴിവാക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ടോട്ടല്‍ എനര്‍ജീസ് സി.ഇ.ഒ പാട്രിക്ക് പൗയാനെ (Patrik Pouyanne) സൂചന നല്‍കിയിരുന്നു. അദാനി ഗ്രീന്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്നതോടെ ചെറിയൊരു ഭാഗം വില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കമ്പനിയുടെ കടബാധ്യതകള്‍ കുറക്കുന്നതിന്റെ ഭാഗമാണ് വില്‍പ്പനയെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഏഷ്യയില്‍ കമ്പനിക്കുള്ള മറ്റ് ചില നിക്ഷേപങ്ങളും വില്‍പ്പന നടത്താനും ടോട്ടല്‍ എനര്‍ജീസിന് പദ്ധതിയുണ്ട്. അടുത്തിടെ കമ്പനിയുടെ മൂലധന ചെലവില്‍ ഒരു ബില്യന്‍ ഡോളര്‍ വെട്ടിക്കുറച്ചിരുന്നു. ഏതാണ്ട് 7.5 ബില്യന്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതിയാണ് ടോട്ടല്‍ എനര്‍ജീസ് നടപ്പിലാക്കുന്നത്.
2015ല്‍ സ്ഥാപിതമായ അദാനി ഗ്രീന്‍ പുനരുപയോഗ ഊര്‍ജ്ജ (Renewable Energy) രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്. നിലവില്‍ 1.69 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതില്‍ ടോട്ടല്‍ എനര്‍ജീസ് വില്‍ക്കുന്ന 6 ശതമാനം ഓഹരിയെന്നാല്‍ 10,200 കോടി രൂപയോളം വരുമെന്നാണ് കണക്ക്. കമ്പനിയില്‍ 62.43 ശതമാനം ഓഹരിയാണ് പ്രൊമോട്ടര്‍മാര്‍ക്കുള്ളത്. 37.57 ശതമാനം ഓഹരികള്‍ പൊതുഓഹരി ഉടമകളുടെ പക്കലാണ്. അതേസമയം, ഓഹരി വില്‍പ്പന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് അദാനി ഗ്രീന്‍ ഓഹരികള്‍ ഒരു ശതമാനത്തോളം ഇടിവിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine