ഐ.റ്റി.ഡി സിമൻ്റേഷനും അദാനിയുടെ കൈയിൽ; ദുബൈ കമ്പനി വഴി ഏറ്റെടുത്തത് ₹ 3,204 കോടിക്ക്

ഒമ്പത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കമ്പനിയാണ് ഐ.റ്റി.ഡി സിമന്റേഷന്‍
image credit: canva, www.adani.com
image credit: canva, www.adani.com
Published on

എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐ.റ്റി.ഡി സിമന്റേഷനിലെ 46.64 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പിന്റെ ദുബായ് ഘടകം. 3,204 കോടി രൂപ മുടക്കിയാണ് റിന്യൂ എക്‌സിം ഡി.എം.സി.സി എന്ന അദാനി കമ്പനി ഐ.റ്റി.ഡി സിമന്റേഷനിലെ പ്രൊമോട്ടര്‍മാരില്‍ നിന്നും ഓഹരികള്‍ വാങ്ങിയത്. ഒരു ഓഹരിക്ക് 400 രൂപയാണ് അടിസ്ഥാന വില കണക്കാക്കിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ നിര്‍മാണ രംഗത്തെ സ്വാധീനം വര്‍ധിക്കും.

അതേസമയം, ഐ.റ്റി.ഡി സിമന്റേഷനിലെ നിലവിലെ പ്രൊമോട്ടര്‍മാരായ തായ് ഡെവലപ്‌മെന്റ് പബ്ലിക്ക് കമ്മിറ്റിക്ക് സ്ഥാനം ഒഴിയേണ്ടി വരും. ഇടപാട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ റിന്യൂ എക്‌സിം ഡി.എം.സി.സിയാകും പുതിയ പ്രൊമോട്ടര്‍മാര്‍. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് റിന്യൂ എക്‌സിമിനെ നയിക്കുന്നത്. ഐ.റ്റി.ഡി സിമന്റേഷനിലെ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. 571.68 രൂപ അടിസ്ഥാന വില നിശ്ചയിച്ചാകും ഈ ഇടപാട്. വെള്ളിയാഴ്ച 532 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ ക്ലോസ് ചെയ്തത്. ഓപ്പണ്‍ ഓഫറിലൂടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിന് 2553 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്.

നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ അദാനി

കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമന്റ്‌സ് സി.കെ ബിര്‍ല കുടുംബത്തിന്റെ ഓറിയന്റ് സിമന്റിനെ 8,100 കോടി രൂപക്ക് ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ സന്‍ഗി സിമന്റിനെയും ഓഗസ്റ്റില്‍ പെന്ന സിമന്റ്‌സിനെയും കമ്പനി ഏറ്റെടുത്തിരുന്നു. 2022ല്‍ അംബുജ സിമന്റ്‌സിനെയും ഉപകമ്പനിയായ എ.സി.സിയെയും ഏറ്റെടുത്തുകൊണ്ടാണ് അദാനി ഗ്രൂപ്പ് സിമന്റ് വ്യവസായത്തിലേക്ക് കടന്നത്. ഒമ്പത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കമ്പനിയാണ് ഐ.റ്റി.ഡി സിമന്റേഷന്‍. വിമാനത്താവളങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍, ഹൈവേ, പാലം തുടങ്ങിയ വന്‍കിട പദ്ധതികള്‍ സാധ്യമാക്കാന്‍ കമ്പനിക്കാവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,542 കോടി രൂപയുടെ വരുമാനവും 274 കോടി രൂപയുടെ ലാഭവുമാണ് കമ്പനി നേടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com