Begin typing your search above and press return to search.
ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി; നിര്‍ണായക കൂടിക്കാഴ്ച്ച, നീക്കങ്ങള്‍ ഇങ്ങനെ
വ്യോമയാന രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കി ഗൗതം അദാനി. വിമാനങ്ങളും ട്രെയിനുകളും നിര്‍മിക്കുന്നതില്‍ ലോകത്തിലെ തന്നെ മുന്‍നിര കമ്പനികളിലൊന്നായ ബോംബാര്‍ഡിയെറിന്റെ (Bombardier) സി.ഇ.ഒ എറിക് മാര്‍ട്ടെലുമായി അദാനി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.
2019ല്‍ രൂപീകരിച്ച അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (AAHL) എന്ന കമ്പനിയുമായി അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അടക്കമുള്ള രംഗത്ത് സജീവമാണ്. തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവഹാത്തി, നവി മുംബൈ എന്നീ എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ചുമതല അദാനി കമ്പനിക്കാണ്.
അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് എന്ന കമ്പനിയിലൂടെ അദാനി ഗ്രൂപ്പിന് ഏവിയേഷന്‍, പ്രതിരോധ രംഗത്തും സാന്നിധ്യമുണ്ട്. കനേഡിയന്‍ കമ്പനിയുമായുള്ള കൂട്ടുകെട്ടിലൂടെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് അദാനി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന കമ്പനിയാണോ അതോ വിമാനങ്ങളും മറ്റും പ്രാദേശികമായി നിര്‍മിക്കാനും മെയിന്റനന്‍സ് നടത്താനുമുള്ള സാധ്യതകളാണോ അദാനി ഗ്രൂപ്പ് തേടുന്നതെന്ന് വ്യക്തമല്ല.
പ്രാദേശികമായി അറ്റക്കുറ്റപ്പണി, ഓപ്പറേഷന്‍ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി കഴിഞ്ഞ മാസം വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഈ രംഗത്തെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജി.എസ്.ടി ഘടന അടക്കം ലളിതമാക്കിയതായി മന്ത്രി പറഞ്ഞിരുന്നു.
ബോംബാര്‍ഡയെര്‍
ബിസിനസ് ജെറ്റ്, എയര്‍ക്രാഫ്റ്റ് എന്നിവ നിര്‍മിക്കുന്ന മുന്‍നിര കമ്പനികളിലൊന്നാണ് കാനഡ ആസ്ഥാനമായ ബോംബാര്‍ഡിയെര്‍. 1942ലാണ് സ്ഥാപിതമായത്. 2023ല്‍ മാത്രം 138 ബിസിനസ് ജെറ്റുകളാണ് കമ്പനി നിര്‍മിച്ച് കൈമാറിയത്. 18,000ത്തിലധികം ജീവനക്കാര്‍ കമ്പനിക്കുണ്ട്.
Next Story
Videos