പുതിയ ബിസിനസ് മേഖലയില്‍ കൈവയ്ക്കാന്‍ അദാനി ഗ്രൂപ്പ്; ആകാശവും കൈപ്പിടിയില്‍ ഒതുക്കുമോ?

മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മകനാണ് പ്രൈം എയ്‌റോയുടെ പ്രമോട്ടര്‍. പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യമാണ് അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് കടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം.
adani airports
Published on

പുതിയ ബിസിനസ് മേഖലകളില്‍ നിക്ഷേപമിറക്കുന്ന ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് പൈലറ്റ് പരിശീലന സ്ഥാപനമായ ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്ററിനെ (എഫ്എസ്ടിസി) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. വ്യോമയാന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012ല്‍ സ്ഥാപിതമായ എഫ്എസ്ടിസിക്ക് ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസും (എഡിഎസ്ടി) പ്രൈം എയ്‌റോയും കൂടിയുള്ള സംയുക്ത സംരംഭം വഴിയാണ് ഏറ്റെടുക്കല്‍.

എഡിഎസ്ടി അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മകനാണ് പ്രൈം എയ്‌റോയുടെ പ്രമോട്ടര്‍. പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യമാണ് അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് കടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം.

പ്രതിരോധ വ്യോമയാന അനുബന്ധ മേഖലകളില്‍ അടുത്തിടെ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 5,000 കോടി രൂപയാണ് ഈ മേഖലകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. എയര്‍ക്രാഫ്റ്റുകളുടെ മെയ്ന്റനന്‍സ് നടത്തുന്ന എയര്‍ വര്‍ക്‌സ് എന്ന കമ്പനിയെ ഏറ്റെടുത്തത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്റര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 214.5 കോടി രൂപ വരുമാനവും 124.2 കോടി രൂപ ലാഭവും നേടിയിരുന്നു.

ഇന്ത്യന്‍ വ്യോമയാന രംഗം നഷ്ടക്കയത്തില്‍

രാജ്യത്ത് വ്യോമയാന രംഗം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്ത് കുറഞ്ഞ ചെലവില്‍ ആകാശയാത്ര നല്കിയിരുന്ന കമ്പനികള്‍ പലതും പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ നഷ്ടത്തിലൂടെ കടന്നുപോകുകയോ ചെയ്തിരുന്നു. സ്‌പൈസ്‌ജെറ്റിന്റെ സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്നതും ജീവനക്കാര്‍ ശമ്പളരഹിത അവധിയില്‍ പ്രവേശിക്കുന്നതും വാര്‍ത്തയായിരുന്നു.

ഈ സാമ്പത്തികവര്‍ഷം വ്യോമയാന മേഖല 9,500-10,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചതാണ് വ്യോമയാന കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇത്തരമൊരു അവസ്ഥയില്‍ അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് വരുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com