

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 136.31 കോടി രൂപയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്ത് നിര്‍മിക്കുന്ന ഹോട്ടലിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശിപാര്‍ശ നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്ന 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്‌മെന്റിന്റെ ഭാഗമാണ് ഹോട്ടല്‍.
വിമാനത്താവളത്തിന്റെ പരിസരമായതിനാല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 23 മീറ്റര്‍ ഉയരത്തില്‍ 33,092 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. 240 മുറികളുള്ള ഹോട്ടലുകള്‍ക്ക് പുറമെ 660 സീറ്റുകളുള്ള കണ്‍വെന്‍ഷന്‍ സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിംഗ് അവസരം ഒരുക്കുന്ന കൊമേഷ്യല്‍ കോംപ്ലക്‌സും ഇവിടെയുണ്ടാകും. 2021ല്‍ വിമാനത്താവളം ഏറ്റെടുത്തപ്പോള്‍ തന്നെ ആഡംബര ഹോട്ടല്‍ നിര്‍മിക്കാനുള്ള പദ്ധതിയും അദാനി ഗ്രൂപ്പ് തയ്യാറാക്കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
ലോകത്തിലെ എല്ലാ പ്രമുഖ വിമാനത്താവളങ്ങള്‍ക്കും സമീപത്തായി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. യാത്രക്കാര്‍ക്കും വിമാനക്കമ്പനികളിലെ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ സൗകര്യമാണിത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരം സൗകര്യങ്ങളുടെ അഭാവം മനസിലാക്കിയാണ് അദാനി ഗ്രൂപ്പ് ഹോട്ടല്‍ നിര്‍മിക്കാന്‍ രംഗത്തിറങ്ങിയത്. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാനാകും.
തിരുവനന്തപുരത്തിന് പുറമെ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, ഗുവാഹട്ടി, മംഗളൂരു എന്നീ വിമാനത്താവളങ്ങളും നവീകരിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും നഗരവാസികള്‍ക്കും ഉപയോഗിക്കാനാവുന്ന വിധത്തില്‍ നിരവധി ആധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ആഡംബര ഹോട്ടലുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഓഫീസുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും വിമാനത്താവളങ്ങളില്‍ ഒരുക്കും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന പ്രോജക്ട് അനന്തയുടെ ആദ്യ ഘട്ടമായ 600 കോടി രൂപയുടെ പദ്ധതിക്ക് ഇതിനോടകം കരാറായിട്ടുണ്ട്. വിമാനത്താവളത്തിലെ റണ്‍വേ, ടാക്സിവേ, ഏപ്രണ്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബില്‍ഡിംഗ്, ഹാംഗറുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നത്. ടെര്‍മിനല്‍ രണ്ടിലെ ഏപ്രണ്‍ പുനര്‍നിര്‍മിക്കും. മഴക്കാലത്തെ നേരിടുന്നതിനായി ഡ്രെയിനേജ് സംവിധാനവും നവീകരിക്കും.ടെര്‍മിനല്‍ ഒന്നിലെ ചെക്ക് ഇന്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും നോളജ് സെന്റര്‍ സ്ഥാപിക്കുന്നതും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Adani Group announces plans to build a five-star luxury hotel near Trivandrum International Airport. The project is expected to boost Kerala’s tourism and hospitality sector.
Read DhanamOnline in English
Subscribe to Dhanam Magazine