സിമന്റ് ബിസിനസിലും രാജാവാകാന്‍ അദാനി: പ്രമുഖ ബ്രാന്‍ഡിനെ സ്വന്തമാക്കിയത് 10,000 കോടിക്ക്

സിമന്റ് കച്ചവടത്തിലും മേധാവിത്വം സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 25,000 കോടിയോളം രൂപ നിക്ഷേപിച്ച് രാജ്യത്തെ സിമന്റ് വ്യവസായത്തിന്റെ അഞ്ചിലൊന്ന് ഭാഗം സ്വന്തമാക്കാനാണ് അദാനിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റ ആദ്യഘട്ടമായി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ്, ഹൈദരാബാദ് ആസ്ഥാനമായ പെന്ന സിമന്റ്‌സ് ഇന്‍ഡ്രസ്ട്രീസ് എന്ന കമ്പനിയെ സ്വന്തമാക്കാന്‍ കരാറൊപ്പിട്ടു. പി.പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും കയ്യില്‍ നിന്നാണ് 10,422 രൂപയ്ക്ക് പെന്ന സിമന്റ്‌സിനെ സ്വന്തമാക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ 100 ശതമാനം ഓഹരികളും കൈമാറാന്‍ കരാറായി.
ഇതിന് പുറമെ ഗുജറാത്തിലെ സൗരാഷ്ട്ര സിമന്റും എബിജി ഗ്രൂപ്പിന്റെ വാദ് രാജ് സിമന്റും ജയപ്രകാശ് ഗ്രൂപ്പിന്റെ സിമന്റ് ബിസിനസും അദാനിയുടെ നോട്ടത്തിലാണ്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ 14.6 കോടി ടണ്‍ ശേഷിയുള്ള അള്‍ട്രാടെക് ആണ് ഇപ്പോള്‍ സിമന്റ് വിപണിയില്‍ ഒന്നാമത്. അംബുജ സിമന്റും എ.സി.സിയും വാങ്ങിയ അദാനിയുടെ സിമന്റ് ശേഷി 7.9 കോടി ടണ്‍ ആണ്. 2028-ഓടെ 14 കോടി ടണ്‍ ശേഷിയില്‍ എത്താനാണ് അദാനി ലക്ഷ്യമിടുന്നത്. കുമാര്‍ മംഗളം ബിര്‍ല 20 കോടി ടണ്‍ ശേഷി ലക്ഷ്യമിടുന്നു.
മോദി സര്‍ക്കാരിന്റെ 20,000 കോടിയുടെ പ്രോജക്ടില്‍ കണ്ണുവച്ച്
മൂന്നാം വട്ടവും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി ഒപ്പിട്ട ചില തീരുമാനങ്ങളിലൊന്ന് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള 20,000 കോടിയുടെ ഭവനനിര്‍മാണ പ്രോജക്ടായിരുന്നു. ഇത് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുണ്ടാക്കുന്ന വളര്‍ച്ച, സിമന്റിന്റെയും കെട്ടിട നിര്‍മാണ സാമഗ്രികളുടെയും വില വര്‍ധനവിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് നിലവില്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
ദക്ഷിണേന്ത്യയിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് ഉദ്പാദകരാണെങ്കിലും ദക്ഷിണേന്ത്യയില്‍ കമ്പനിക്ക് വലിയ സ്വാധീനമില്ലെന്ന പരാതി ഇനിയുണ്ടാകില്ല. പെന്ന സിമന്റ്‌സിനെ ഏറ്റെടുക്കുന്നതോടെ ദക്ഷിണേന്ത്യന്‍ സിമന്റ് വിപണിയില്‍ കമ്പനി വിഹിതം വര്‍ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പിനാകും. ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ശ്രീലങ്കയിലും സാന്നിധ്യമുള്ള ബ്രാന്‍ഡാണ് പെന്ന സിമന്റ്.

Related Articles

Next Story

Videos

Share it