

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനവുമായി (Battery energy storage systems -BESS) അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡ (Kwavada) യില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ പദ്ധതി കമ്മിഷന്‍ ചെയ്യും. ലോകത്തില്‍ തന്നെ ഒരു സ്ഥലത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ബെസ് സംവിധാനമാണിതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഭാവി ആവശ്യങ്ങള്‍ക്കായി ബാറ്ററികളില്‍ വൈദ്യുതി ശേഖരിച്ച് വെക്കുന്ന സംവിധാനമാണിത്. സോളാര്‍, കാറ്റാടിപ്പാടം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി ശേഖരിച്ച് വെക്കാനും ഡിമാന്‍ഡ് കൂടുമ്പോള്‍ ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണിത്. 2030 എത്തുമ്പോള്‍ 15 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) വിപണിയായി ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ മാറുമെന്നാണ് നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ഇലക്ട്രിക് വാഹന നിര്‍മാതാവായ ഒലയും ഈ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു.
പുതിയ പദ്ധതിക്ക് 1,126 മെഗാവാട്ട് (MW) വൈദ്യുതി ശേഷിയും 3,530 മെഗാവാട്ട് മണിക്കൂര്‍ (MWh) ഊര്‍ജ്ജ സംഭരണ ശേഷിയുമുണ്ടാകും. അതായത് 1,126 മെഗാവാട്ട് വൈദ്യുതി ഏകദേശം മൂന്ന് മണിക്കൂറോളം സംഭരിച്ച് വിതരണം ചെയ്യാന്‍ ഇതിന് കഴിയും. നൂതന ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യയും സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് സംവിധാനങ്ങളുമാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുക. 2027 മാര്‍ച്ചോടെ ഈ കേന്ദ്രത്തിന്റെ ശേഷി 15 ജിഗാവാട്ടായി ഉയര്‍ത്തും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശേഷി 50 ജിഗാവാട്ട് ആയി വര്‍ധിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.
700ല്‍ അധികം ബാറ്ററി കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്ന ഈ സംവിധാനം ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും 24 മണിക്കൂര്‍ വൈദ്യുതി വിതരണത്തിനും സഹായകമാകും. ഇതോടെ സൗരോര്‍ജ്ജവും സംഭരണ സൗകര്യവും സംയോജിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ കേന്ദ്രമായി ഖാവ്ഡ മാറുമെന്നാണ് പ്രതീക്ഷ. ഊര്‍ജ്ജമേഖലയില്‍ കാര്‍ബണ്‍ ബഹിര്‍മനം കുറക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കും നീക്കം ശക്തി പകരുമെന്നും അദാനി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine