അദാനിയുടെ ഒരു ദിവസത്തെ വരുമാനം ആയിരം കോടി; ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നന്‍

ഈ വര്‍ഷം 179 അതിസമ്പന്നരെ കൂടി സൃഷ്ടിച്ച് ഇന്ത്യ. ഇതോടെ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം ആയിരം കടന്നു. പത്താമത് ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും ഏറ്റവും വലിയ സമ്പന്നനായി റിലയന്‍സ് ഗ്രൂപ്പിന്റെ മുകേഷ് അംബാനി തന്നെ. രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി തുടരുന്നു.

അദാനിയുടെ സമ്പത്ത് ഒരു വര്‍ഷത്തിനിടെ പ്രതിദിനം 1002 കോടി രൂപയാണ് വര്‍ധിച്ചതെന്ന് പട്ടിക വെളിപ്പെടുത്തുന്നു. മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 7.18 ലക്ഷം കോടി രൂപയാണ്. പ്രതിദിനം 163 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ഗൗതം അദാനിയുടെ ആകെ സമ്പത്ത് 5.05 ലക്ഷം കോടി രൂപയായി. 261 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഉണ്ടായത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായും അദ്ദേഹം മാറി. അതേസമയം മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 9 ശതമാനം വര്‍ധന.

എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ്‌നാടാരും കുടുംബവുമാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പ്രതിദിനം 260 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 2.36 ലക്ഷം കോടി രൂപയിലെത്തി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമ്പത്ത്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എസ് പി ഹിന്ദുജയും കുടുംബവും ഇത്തവണ 2.2 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി നാലാം സ്ഥാനത്തായി.
ആര്‍സലര്‍ മിത്തലിന്റെ എല്‍ എന്‍ മിത്തല്‍ & ഫാമിലി (1.74 ലക്ഷം കോടി), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈറസ് എസ് പൂനവാല കുടുംബം (1.63 ലക്ഷം കോടി), അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ രാധാകിഷന്‍ ദമാനി കുടുംബം (1.54 ലക്ഷം കോടി), അദാനി ഗ്രൂപ്പിന്റെ വിനോദ് ശാന്തിലാല്‍ അദാനി കുടുംബം (1.31 ലക്ഷം കോടി), ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാരമംഗലം ബില്‍ള കുടുംബം (1.22 ലക്ഷം കോടി), സ്‌കേയ്‌ലര്‍ (Zscaler) ന്റെ ജയ് ചൗധരി (1.21 ലക്ഷം കോടി) എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റു അതിസമ്പന്നരായ ഇന്ത്യക്കാര്‍.
അതിസമ്പന്നര്‍ വസിക്കുന്ന നഗരങ്ങളുടെ എണ്ണം അഞ്ചെണ്ണം കൂടു വര്‍ധിച്ച് 119 ആയി. ഈ നഗരങ്ങളിലായി 1007 അതിസമ്പന്നരാണുള്ളത്. 2021 ല്‍ അവരുടെ സമ്പത്ത് 51 ശതമാനം വര്‍ധിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it