വിഴിഞ്ഞത്തു നിന്ന് അദാനി നേരെ വിയറ്റ്നാമിന്!

വിഴിഞ്ഞത്ത് മദർഷിപ് എത്തിയപ്പോഴേക്കും ഗൗതം അദാനിയുടെ കണ്ണ് വിയറ്റ്നാമിൽ. അവിടെ പുതിയ തുറമുഖം നിർമിക്കാനുള്ള പദ്ധതിക്ക് വിയറ്റ്നാം ഗവൺമെന്റിന്റെ പ്രാഥമിക അംഗീകാരമായി. അദാനി പോർട്ട്സ് ആന്റ് സ്​പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ഗൗതം അദാനിയുടെ മൂത്ത മകനുമായ കരൺ അദാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കണ്ടെയ്നർ ടെർമിനൽ, വിവിധോദ്ദേശ ബർത്തുകൾ തുടങ്ങി വിപുല സന്നാഹങ്ങളോടെയുള്ള തുറമുഖ നിർമാണം ആസൂത്രണത്തി​ന്റെ പ്രാരംഭ ഘട്ടത്തിലാണ്. എത്രത്തോളം നി​ക്ഷേപം വേണ്ടിവരുമെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല.
അദാനി ഇന്ത്യക്ക് പുറത്തു നിർമിക്കുന്ന നാലാമത്തെ തുറമുഖം
അദാനി പോർട്ട്സ് വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന നാലാമത്തെ തുറമുഖമാവും വിയറ്റ്നാമിലേത്. ഇസ്രായേലിലെ ഹൈഫ, ശ്രീലങ്കയിലെ കൊളംബോ, താൻസാനിയയിലെ പോർട്ട് ഓഫ് ദാറെസ് സലാം എന്നിവയാണ് മറ്റുള്ളവ. അന്താരാഷ്ട്ര സാമുദ്രിക വ്യാപാരത്തിൽ ചൈന മേധാവിത്തം പുലർത്തുന്നതിനിടയിൽ, കൂടുതൽ പങ്ക് നേടിയെടുക്കാനാണ് അദാനിയുടെ ശ്രമം. അതുവഴി ഇന്ത്യയെ വാണിജ്യ കപ്പലുകളുടെ ഹബാക്കി മാറ്റാൻ കഴിയുമെന്ന് കരൺ അദാനി അഭിപ്രായപ്പെട്ടു. നിർമാണത്തിലും ജനസംഖ്യയിലും ഒരേപോലെ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളാണ് ലക്ഷ്യം വെക്കുന്നതെന്നും കരൺ പറയുന്നു. അതുവഴി കയറ്റുമതിയിൽ കൂടുതൽ പങ്കാളിത്തം നേടാം.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വാണിജ്യ വ്യാപാര ഉടമയാണ് അദാനി പോർട്ട്സ്. അടുത്ത ആറു വർഷം കൊണ്ട് അന്താരാഷ്ട്ര കപ്പൽ വാണിജ്യത്തിന്റെ 10 ശതമാനം കൈപ്പിടിയിൽ ഒതുക്കുകയാണ് ലക്ഷ്യം. മിഡിൽ ഈസ്റ്റ്, കിഴക്കൻ ആഫ്രിക്ക, മാലിദ്വീപ്, കംബോഡിയ എന്നിങ്ങനെയുള്ള തീരങ്ങളിലേക്കു നീളുകയാണ് അദാനിയുടെ തുറമുഖ സ്വപ്നങ്ങൾ.

Related Articles

Next Story

Videos

Share it