Begin typing your search above and press return to search.
സിമന്റ് വിപണിയില്‍ ആര് നേടും, അദാനിയോ ബിര്‍ലയോ?
അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യന്‍ സിമന്റ് വിപണി 4.11 ലക്ഷം കോടി രൂപയുടേതാകുമെന്ന് (4,924 കോടി ഡോളര്‍) കണക്കാക്കുന്നത്. 2022ലെ ഉല്‍പാദനത്തിന്റെ ഇരട്ടിയാണിത്. ദീര്‍ഘകാലമായി കുമാര്‍ മംഗളം ബിര്‍ലയുകെ കമ്പനിക്കാണ് മേധാവിത്തം. 2022ല്‍ മാത്രമാണ് അദാനി ഈ കളത്തില്‍ ഇറങ്ങിയത്. പക്ഷേ വിവിധ കമ്പനികള്‍ ഏറ്റെടുത്ത് സിമന്റ് നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനക്കാരായി അദാനി ഗ്രൂപ്പ്.
ഇന്ത്യാ സിമന്റ്സിന്റെ 23 ശതമാനം ഓഹരി ബിര്‍ലയുടെ അള്‍ട്രാടെക് സമ്പാദിച്ചത് സിമന്റ് വിപണിയില്‍ എന്തു ചലനമുണ്ടാക്കും? ഈ രംഗത്തുള്ളവര്‍ ഉറ്റുനോക്കുകയാണ്. പ്രതിവര്‍ഷം 14 കോടി ടണ്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന അതികായരാണ് അള്‍ട്രാ ടെക്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് ഈയിടെയാണ് ഹൈദരാബാദിലെ പെന്ന സിമന്റ് ഏറ്റെടുത്തത്. 125 കോടി ഡോളറിനായിരുന്നു ഇത്. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 14 ദശലക്ഷം ടണ്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിച്ചു വരുന്ന കമ്പനിയായിരുന്നു ഇത്.
വരുന്നത് സിമന്റിലെ കുത്തക കാലം?
അംബുജയും എ.സി.സിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് 2022ലാണ്. 1050 കോടി ഡോളറിന്റേതായിരുന്നു ഇടപാട്. 6.50 കോടി ടണ്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനുള്ള കരുത്താണ് ഇതുവഴി അദാനി നേടിയത്. സാംഘി ഇന്‍ഡസ്ട്രീസും കേസോറാം ഇന്‍ഡസ്ട്രീസും പെന്നക്കു മുമ്പ് അദാനി ഏറ്റെടുത്തു.
ഈ ഏറ്റെടുക്കലുകള്‍ സിമന്റ് വ്യവസായത്തില്‍ കുത്തക സൃഷ്ടിക്കുമോ? മറ്റു കമ്പനികളെ പുറകോട്ടു തള്ളുമോ? നായക സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടയില്‍ സിമന്റ് കമ്പനികള്‍ക്കിടയില്‍ കൂടുതല്‍ ഏറ്റെടുക്കലുകളും ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2028 ആകുമ്പോള്‍ 14 കോടി ടണ്‍ പ്രതിവര്‍ഷ സിമന്റ് ഉല്‍പാദനമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അള്‍ട്രാ ടെകിന്റെ ലക്ഷ്യമാകട്ടെ, 20 കോടി ടണ്‍ ആണ്.
ഇന്ത്യ സിമന്റ്സ് പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് മാര്‍ക്കറ്റ് വിപുലപ്പെടുത്തി വരുന്നത്. 1.5 കോടി ടണ്‍ ഉല്‍പാദന ശേഷിയുള്ള കമ്പനിയില്‍ കൂടുതല്‍ മുതല്‍ മുടക്കു നടത്തി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് അള്‍ട്രാ ടെക് ഇനി കടക്കും. സിമന്റ് വിപണി പിടിക്കാനുള്ള പോരിന് ആക്കം പകരുന്ന അടിസ്ഥാന വിഷയമെന്താണ്? നിര്‍മാണ മേഖലയില്‍ സിമന്റിന്റെ ഡിമാന്റ് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നു തന്നെയാണ് ഉത്തരം.
Next Story
Videos