ഇന്ത്യക്കാരെ വില കല്‍പ്പിക്കാതെ വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് അദാര്‍ പൂനവാല

ഇന്ത്യയിലെ ജനങ്ങളെ വില കല്‍പ്പിക്കാതെ കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. ഇന്ത്യയില്‍ ജനസംഖ്യ വലുതായതിനാല്‍ തന്നെ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കണക്കിലെടുക്കാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയച്ചതാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടാന്‍ കാരണമെന്ന് നേരത്തെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദാര്‍ പൂനവാല വിശദീകരണവുമായി രംഗത്തെത്തിയത്.

''ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ജനങ്ങള്‍ മനസിലാക്കുന്നില്ല, അത്തരമൊരു ജനസംഖ്യയ്ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല'' പൂനവാല പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് ഫാര്‍മ കമ്പനികള്‍ക്ക് അടിയന്തിര ഉപയോഗ അംഗീകാരം കിട്ടി രണ്ട് മാസത്തിന് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചത്. എങ്കിലും 20 കോടി ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സെറത്തിന് സാധിച്ചുവെന്നും കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ലോകത്ത് തന്നെ മൂന്നാം സ്ഥാനമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ മഹാമാരി ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിരുകളാല്‍ പരിമിതപ്പെടുത്തിയിട്ടില്ലെന്ന്‌ മനസിലാക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ കഴിയുന്നതുവരെ ലോകത്തില്‍ തന്നെ ആരും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോവിഡ് വാക്‌സിനേഷന് ആവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it