
ആദിത്യ ബിര്‍ല ക്യാപിറ്റല്‍ ലിമിറ്റഡിന്റെ മണി മാനേജ്‌മെന്റ് സഹസ്ഥാപനത്തില്‍ സൈബര്‍ ആക്രമണം. 400ലധികം അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന രണ്ട് കോടി രൂപയുടെ ഡിജിറ്റല്‍ ഗോള്‍ഡ് മോഷണം പോയതായി റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിനാണ് ഇക്കാര്യം നടന്നത്.
കമ്പനിയിലെ 435 അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന 1.95 കോടി രൂപ വില വരുന്ന ഡിജിറ്റല്‍ സ്വര്‍ണത്തില്‍ അസ്വാഭാവിക നടപടി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടായ അക്കൗണ്ടുകള്‍ സാധാരണ നിലയിലാക്കിയതായും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. ആക്രമണം ബാധിച്ച അക്കൗണ്ടുകളില്‍ നിന്നുള്ള സ്വര്‍ണക്കൈമാറ്റം തടഞ്ഞെന്നും സുരക്ഷാ വീഴ്ച പരിഹരിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്. മുംബൈ സൈബര്‍ പൊലീസിനാണ് അന്വേഷണ ചുമതല.
ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഡിജിറ്റല്‍ ലിമിറ്റഡിന്റെ എ.ബി.സി.ഡി ആപ്ലിക്കേഷന്റെ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസും സെര്‍വറും ഹാക്ക് ചെയ്താണ് മോഷണം നടത്തിയത്. പിന്നാലെ ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ കൈമാറ്റം സാധ്യമാക്കുന്ന ഒ.ടി.പി വെരിഫിക്കേഷന്‍ സംവിധാനം നിര്‍വീര്യമാക്കി. തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും അനധികൃത്യമായി സ്വര്‍ണം കൈമാറ്റം ചെയ്യപ്പെട്ടതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുന്നത്. ഇതോടെ ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കാനുള്ള ഓപ്ഷന്‍ കമ്പനി തത്കാലികമായി ബ്ലോക്ക് ചെയ്തു. പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് കമ്പനി പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine