ബില്ലുകളിലും ഔട്ട്‌ലെറ്റുകളിലും പരസ്യം, വരുമാനം കൂട്ടാന്‍ ബെവ്കോയുടെ പുതിയ തന്ത്രങ്ങൾ, ദിവസവും എത്തുന്നത് രണ്ട് ലക്ഷത്തോളം പേര്‍

ബെവ്കോയ്ക്ക് സംസ്ഥാനത്ത് 282 ഔട്ട്‌ലെറ്റുകളാണ് ഉളളത്.
Bevco
Image courtesy: bevco.in
Published on

വരുമാനം കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ). സംസ്ഥാനത്ത് ചില്ലറ മദ്യവില്‍പ്പനയുടെ അവകാശം ബെവ്‌കോയ്ക്കാണ് ഉളളത്. പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുളള സാധ്യതകളാണ് ബെവ്‌കോ തേടുന്നത്.

ഇതിന്റെ ഭാഗമായി ബെവ്കോ വിൽപ്പനശാലകളിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിന്റെ മറുവശത്ത് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുക, സൗകര്യങ്ങളുളള ഔട്ട്‌ലെറ്റുകളിൽ എൽഇഡി ഡിസ്‌പ്ലേ ഭിത്തികൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പരിഗണിക്കുന്നത്. പ്രതിദിനം രണ്ട് ലക്ഷത്തോളം ആളുകളാണ് സംസ്ഥാന വ്യാപകമായി ബെവ്കോയുടെ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുന്നതായി കണക്കാക്കുന്നത്.

ബെവ്കോയ്ക്ക് സംസ്ഥാനത്ത് 282 ഔട്ട്‌ലെറ്റുകളാണ് ഉളളത്. ഇവിടങ്ങളില്‍ നിന്ന് പ്രതിമാസം ശരാശരി 60 ലക്ഷം ഇൻവോയ്‌സുകളാണ് സൃഷ്ടിക്കപ്പെടുന്നത്. ഏജൻസികളോടും കമ്പനികളോടും പരസ്യം ചെയ്യാന്‍ താൽപ്പര്യമുണ്ടോയെന്ന് ഇതിനകം ബെവ്‌കോ ആരാഞ്ഞിട്ടുണ്ട്.

ബിഡ്ഡുകൾ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഏപ്രിലോടെ പരസ്യം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിന്റെ മറുവശം പരസ്യദാതാക്കൾക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, മദ്യം അല്ലെങ്കിൽ മറ്റ് അഭികാമ്യമല്ലാത്ത സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾ അനുവദിക്കുന്നില്ല.

റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എൽഇഡി ഡിസ്‌പ്ലേകൾ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് വ്യവസ്ഥകളും നിബന്ധനകളും തയാറാക്കി വരികയാണ്. നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. നിയമപരമായ മുന്നറിയിപ്പുകളും ഉപഭോക്താക്കൾക്കുള്ള വിവരങ്ങളും അടക്കം ബെവ്കോ ഉപഭോക്താക്കളുമായി പങ്കുവെക്കാനുദ്ദേശിക്കുന്ന പ്രധാന ആശയ വിനിമയ വിവരങ്ങളുടെ സൗജന്യ പ്രദർശനം എൽഇഡി ഡിസ്‌പ്ലേകളില്‍ ഉറപ്പായും ഉണ്ടാകണമെന്ന നിബന്ധനകൾ മുന്നോട്ടു വെക്കുന്ന കാര്യവും സജീവ പരിഗണനയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com