

വിമാനയാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിളമ്പുന്ന ഉഡാന്‍ കഫേ ചെന്നൈ വിമാനത്താവളത്തിലും തുടങ്ങി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു കഫേ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ കഫേ വലിയ വിജയമായിരുന്നു. പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. അടുത്ത ഉഡാന്‍ കഫേ ഡല്‍ഹി വിമാനത്താവളത്തിലാണ് തുടങ്ങുന്നത്.
ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ചെക്കിംഗ് ഏരിയക്ക് സമീപത്തായാണ് ഉഡാന്‍ കഫേ സ്ഥിതി ചെയ്യുന്നത്. 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളില്‍ ലഭിക്കുക. വിമാനത്താവളത്തിലെ ഭക്ഷണത്തിന് ഇരട്ടി വില കൊടുക്കേണ്ടി വരുന്നെന്ന് യാത്രക്കാരുടെ സ്ഥിരം പരാതികളിലൊന്നാണ്. ഇത് സംബന്ധിച്ച ആയിരക്കണക്കിന് പരാതികളും സര്‍ക്കാരിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഭക്ഷണക്കൊള്ളക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാതരം യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ നിന്നും ലഘുഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉഡാന്‍ യാത്രി കഫേകള്‍ തുടങ്ങിയത്.
അതേസമയം, ചെന്നൈ പരന്തൂരിലെ വിമാനത്താവളത്തിന് അധികം വൈകാതെ ഭരണാനുമതി ലഭിക്കുമെന്ന് മന്ത്രി റാം മോഹന്‍ നായിഡു മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിന് പദ്ധതിയുടെ സാധ്യതാ പഠനം നടത്താനേ കഴിയൂ എന്നും ഭൂമിയേറ്റെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ചീപുരം ജില്ലയില്‍ 13 വില്ലേജുകളിലെ 2,171 ഹെക്ടര്‍ ഭൂമിയിലാണ് 32,704 കോടി രൂപ ചെലവഴിച്ച് പുതിയ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. തമിഴ്‌നാടിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന നിര്‍മാണം വേണ്ടെന്നാണ് നടന്‍ വിജയ് അടക്കമുള്ളവരുടെ വാദം.
Read DhanamOnline in English
Subscribe to Dhanam Magazine