

വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ യുഎസിന്റെ നീക്കം ലോകത്തെ ഞെട്ടിച്ചിരുന്നു. യുഎസ് വിരുദ്ധ ചേരിയുടെ വക്താവായിരുന്ന മഡ്യൂറോയെ കസ്റ്റഡിയിലെടുത്തതോടെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടങ്ങിയിരിക്കില്ലെന്നാണ് പലരും കരുതുന്നത്. വര്‍ഷങ്ങളായി യുഎസിന്റെ ശത്രുപക്ഷത്തുള്ള രാജ്യങ്ങള്‍ അരഡസനിലധികം വരും. ഇതില്‍ പല രാജ്യങ്ങള്‍ക്കും രണ്ടാംഭരണത്തിന്റെ തുടക്കത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്നു.
വെനസ്വേലയിലെ എണ്ണ ഇടപാടുകള്‍ ഇനി തങ്ങള്‍ നിയന്ത്രിക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ, ലഹരിക്കടത്ത് ആരോപിച്ചാണ് ട്രംപ് മഡ്യൂറോയെ തടവിലാക്കിയത്. ഇതേ ആരോപണം മറ്റ് ചില രാജ്യങ്ങള്‍ക്കുമേലും യുഎസ് ചാര്‍ത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന ആശങ്ക ശക്തമാണ്.
ഡെന്മാര്‍ക്കിന്റെ ഭാഗമായ സ്വയംഭരണാധികാരമുള്ള ഭൂപ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. അപൂര്‍വ ധാതുക്കളാല്‍ സമ്പന്നമായ ഈ പ്രദേശം സ്വന്തമാക്കുകയെന്നത് ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രപരമായി നോര്‍ത്ത് അമേരിക്കയിലാണെങ്കിലും ഡാനിഷ് കണക്ഷനുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ കള്‍ച്ചറാണ് ഇവിടെയുള്ളവര്‍ക്ക്.
റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഗ്രീന്‍ലാന്‍ഡിലെ സാന്നിധ്യം യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ട്രംപിന്റെ വാദം. ഗ്രീന്‍ലാന്‍ഡിന്റെ ഭൂസ്വത്ത് തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
റഷ്യയുമായി ഏതെങ്കിലും തരത്തില്‍ യുദ്ധമുണ്ടായാല്‍ ഗ്രീന്‍ലാന്‍ഡ് തന്ത്രപ്രധാന മേഖലയാകും. ഇതാണ് ഗ്രീന്‍ലാന്‍ഡ് തങ്ങള്‍ക്കു വേണമെന്ന് ട്രംപ് നിര്‍ബന്ധം പിടിക്കുന്നതിന് കാരണം. വെനസ്വേലയുടെ കാര്യത്തില്‍ തീരുമാനമാക്കിയ സ്ഥിതിക്ക് ട്രംപിന്റെ അടുത്ത ലക്ഷ്യം മിക്കവാറും ഗ്രീന്‍ലാന്‍ഡ് ആകും.
വര്‍ഷങ്ങളായി യുഎസിന്റെ കണ്ണിലെ കരടാണ് ക്യൂബ. വെനസ്വേലയുടെ തന്ത്രപ്രധാന പങ്കാളിയായിരുന്നു ഈ രാജ്യം. ഇപ്പോള്‍ വെനസ്വേല വീണതോടെ ക്യൂബയുടെ ചെറുത്തുനില്‍പ്പും ഏറെ നീണ്ടുനില്‍ക്കില്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. ക്യൂബയിലേക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ എത്തിച്ചിരുന്നത് വെനസ്വേലയായിരുന്നു. മഡ്യൂറോയുടെ വീഴ്ചയോടെ ക്യൂബന്‍ സമ്പദ്‌വ്യവസ്ഥയും തകരാറിലാകും. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ വലിയ ദാരിദ്രത്തിലാണ് ഈ രാജ്യവും.
ട്രംപ് ലഹരിക്കടത്ത് ആരോപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ലാറ്റിനമേരിക്കയിലുള്ള കൊളംബിയ. അമേരിക്കക്കാരെ കൊക്കെയ്ന്‍ മയക്കുമരുന്നിന്റെ ലഹരിക്ക് അടിമയാക്കുന്നത് കൊളംബിയയാണെന്ന ആരോപണം പലകുറി ട്രംപ് ഉന്നയിച്ചു കഴിഞ്ഞു. സൈനികപരമായി ഇടപെടാന്‍ മടിക്കില്ലെന്ന് അടുത്തിടെയും ട്രംപ് മുന്നറിയിപ്പ് നല്കിയിരുന്നു.
ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള മറ്റൊരു രാജ്യം മെക്‌സിക്കോയാണ്. മയക്കുമരുന്ന് വില്പനക്കാരെന്ന ആരോപണമാണ് ഇവര്‍ക്കെതിരേയും യുഎസിനുള്ളത്.
ട്രംപിന്റെ അധിനിവേശങ്ങള്‍ ഭാവിയില്‍ മറ്റ് രാജ്യങ്ങളെയും ചെറിയ രാജ്യങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടത്താന്‍ പ്രേരിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ വെനസ്വേലയിലെ കടന്നുകയറ്റം കാരണമാകുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine