

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് അജിമോള്‍ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളില്‍ നിന്നുള്ള 1,34,000-ത്തിലധികം രജിസ്‌ട്രേഷനുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ വിജയിയെ തിരഞ്ഞെടുത്തത്. യുകെയിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമാണ് അജിമോള്‍ പ്രദീപ്.
കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. പുരസ്‌കാര ജേതാവിന് 250,000 യുഎസ് ഡോളര്‍ (ഏകദേശം 2.3 കോടി രൂപയ്ക്ക് മുകളില്‍) സമ്മാനത്തുകയും ലഭിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന്‍, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ടി.ജെ. വില്‍സണ്‍, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
2021-ല്‍ പുരസ്‌കാര വിതരണം ആരംഭിച്ചതുമുതല്‍, നഴ്സിംഗ് മേഖലയെ മുന്നോട്ട് നയിക്കുകയും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നഴ്സുമാരെ ആദരിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മാറികഴിഞ്ഞുവെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നവരെ ആദരിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് 9 ഫൈനലിസ്റ്റുകള്‍: ഡോ. ഐഡ അല്‍കൈസി (സ്വീഡന്‍), ദിനാ സെവില്ല (സൗദി അറേബ്യ), ഡോ. ഹമ്മോഡ അബു-ഒഡാ (ഹോങ്കോങ് എസ്എആര്‍, ചൈന), ഹിന്ദുംബി കൌരോം കക്കഡ (ഇന്ത്യ), ജോഹാന പട്രീഷ്യ ഗാല്‍വന്‍ ബാരിയോസ് (കൊളംബിയ), ജോസഫൈന്‍ നെലാഗോ അംഗുല (നമീബിയ), ഒലുച്ചി ഏഞ്ചല്‍ ഒകോയി (നൈജീരിയ), പീറ്റര്‍ ഫോറെ (പാപ്പുവ ന്യൂ ഗിനിയ), റൊണാള്‍ഡ് മരിയോ കനാസ് റോജാസ് (കൊളംബിയ).
പ്രൊഫഷണല്‍ നേട്ടങ്ങള്‍, നേതൃത്വം, നവീകരണം, സ്വാധീനം, നഴ്സിംഗ് ജോലിയിലുള്ള സംഭാവനകള്‍ എന്നിവ വിലയിരുത്തി ഏണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി, സ്‌ക്രീനിംഗ് ജൂറി, ഗ്രാന്‍ഡ് ജൂറി എന്നിവര്‍ ഉള്‍പ്പെട്ട സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് 10 ഫൈനലിസ്റ്റുകള്‍ അന്തിമഘട്ടത്തിലെത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine