സ്വര്‍ണ പണയം; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍

സ്വര്‍ണ പണയ രംഗത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സുതാര്യ നടപടികള്‍ സ്വീകരിക്കാനുമായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറിനെ സ്വാഗതം ചെയ്ത് അസോസിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ (എ.ജി.എല്‍.ഒ.സി). മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വിശ്വാസ്യത നിലനിറുത്തുന്നതിലും ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ് ഈ രംഗത്തുള്ള പരമ്പരാഗത സ്വര്‍ണ പണയ കമ്പനികളെന്ന് എ.ജി.എല്‍.ഒ.സിന്റെ വൈസ് ചെയര്‍മാനും സെക്രട്ടറിയുമായ തോമസ് ജോര്‍ജ് മുത്തൂറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ മേഖലയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഉയര്‍ത്തുന്നത്. സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം, ഉപഭോക്തൃ സുതാര്യത, വായ്പകള്‍ നിരീക്ഷിക്കല്‍ എന്നീ കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എ.ജി.എല്‍.ഒ.സിക്ക് കീഴിലുള്ള പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മികച്ച സംവിധാനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഉപയോക്താക്കളുടെ വിശ്വാസം, സുതാര്യത, റിസ്‌ക് മാനേജ്‌മെന്റ് തുടങ്ങിയവ എന്നും പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ മുന്‍ഗണന നല്‍കുന്ന മേഖലകളാണെന്ന് എ.ജി.എല്‍.ഒസി ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ആഭ്യന്തര നടപടിക്രമങ്ങളും നയങ്ങളും ശക്തമാക്കാനും വായ്പയും മൂല്യവും തമ്മിലുള്ള അനുപാതം നിരീക്ഷിക്കാനും ഡിജിറ്റല്‍ പ്രക്രിയകള്‍ നവീകരിക്കാനും കമ്പനികള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ സാമ്പത്തിക സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന റിസര്‍വ് ബാങ്കിന്റെ ലക്ഷ്യവുമായി പൂര്‍ണമായും യോജിച്ചാണ് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം. ഭരണക്രമത്തിലും സ്വര്‍ണ പണയ രംഗത്തെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും എ.ജി.എല്‍.ഒ.സിയും അംഗങ്ങളും ഏറ്റവും ഉയര്‍ന്ന നിലവാരമാണു പാലിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടു പോകാനും എന്തെങ്കിലും അപര്യാപ്തതകള്‍ക്കു സാധ്യതയുണ്ടെങ്കില്‍ അതു പരിഹരിക്കാനും പരമ്പരാഗത സ്വര്‍ണ പണയ കമ്പനികള്‍ ഇതിനോടകം കമ്പനി നയങ്ങള്‍ വിശദമായി വിലയിരുത്തി തുടങ്ങിയിട്ടുമുണ്ട്.
നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ റിസര്‍വ് ബാങ്കിന്റ സീനിയര്‍ സൂപ്പര്‍വൈസറി മാനേജര്‍ക്ക് എ.ജി.എല്‍.ഒ.സി വിവരങ്ങള്‍ ലഭ്യമാക്കും. പ്രവര്‍ത്തന നടപടിക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും പ്രതികരണങ്ങള്‍ തേടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Articles

Next Story

Videos

Share it