ലോക ശ്രദ്ധയാകര്‍ഷിച്ച് കേരളത്തിലെ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍! തൊഴില്‍ ലഭ്യതയില്‍ മുന്നിലെങ്കിലും എണ്ണത്തില്‍ കുറവ്

ഡ്രോണ്‍ വിളപരിപാലനം മുതല്‍ ജൈവ ഇറച്ചി ഉത്പാദനം വരെയുള്ള മേഖലകളിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്
paddy filed drone
image credit : canva , fuselage
Published on

കാര്‍ഷിക-അനുബന്ധ മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കുന്ന കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധേയമായി കേരളത്തിലെ അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. വിളകളുടെ വളര്‍ച്ച മനസിലാക്കി വെള്ളവും വളവും നല്‍കുന്നതില്‍ തുടങ്ങി കാര്‍ഷിക വിളകള്‍ വില്‍ക്കുന്നത് വരെയുള്ള സേവനങ്ങളാണ് ഇത്തരം കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വിളനിലമാണെങ്കിലും കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ താരതമ്യേന കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 6,300ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് അഗ്രിമേഖലയില്‍ നിന്നുള്ളത് 192 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ്. 2024 മേയില്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ഫാര്‍മര്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 7,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട് കേരളത്തില്‍ കുറവ്?

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള അവസരം മികച്ചതാണെങ്കിലും വിപുലീകരണത്തിനും വലിയ രീതിയിലുള്ള ഉത്പാദനത്തിനുമുള്ള സൗകര്യങ്ങള്‍ കുറവാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരാതിപ്പെടുന്നു. വലിയ തോതില്‍ ചെയ്താല്‍ മാത്രമേ കൃഷി ലാഭകരമാകൂ. കേരളത്തിലെ കൃഷി ഭൂമിയുടെ ലഭ്യതയും കുറവാണ്. ഇക്കാരണത്താല്‍ തന്നെ ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയും താരതമ്യേന കുറവാണെന്നാണ് പരാതി. കാര്‍ഷിക മേഖലയിലെ അവസരങ്ങള്‍ മനസിലാക്കാതെ പോകുന്നതും സംരംഭകരെ ഈ മേഖലയില്‍ നിന്നും അകറ്റി നിറുത്തുന്നുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിച്ചാല്‍ മികച്ച സാധ്യതയുള്ള മേഖലയാണിത്.

വരും വര്‍ഷങ്ങളില്‍ വലിയ മാറ്റമുണ്ടാകും

അതേസമയം, കാര്‍ഷിക രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണക്കുറവ് ഇന്ത്യയിലാകെയുള്ള പ്രവണതയാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനായ ഡോ.ബെറിന്‍ പത്രോസ് പറയുന്നു. സംരംഭങ്ങളിലേക്ക് വരുന്നതില്‍ കൂടുതലും എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ളവരാണ്. കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് കുറവാണ്. ഇത് പരിഹരിക്കാന്‍ കാര്‍ഷിക സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ സംരംഭകത്വ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക സംരംഭകത്വ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തൊഴില്‍ നല്‍കുന്നതിലും മുന്നില്‍

രാജ്യത്തെ 55 സെക്ടറുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിലും കാര്‍ഷിക മേഖല മുന്നിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ(ഡി.പി.ഐ.ഐ.ടി) 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കുപ്രകാരം 83,307 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് കാര്‍ഷിക അനുബന്ധ മേഖലയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനവും കാര്‍ഷിക മേഖല സ്വന്തമാക്കി. കേരളത്തിന് മാത്രം അവകാശപ്പെട്ട നാണ്യവിളകളുടെ സാന്നിധ്യമുണ്ടായിട്ടും ഇക്കാര്യത്തില്‍ സംസ്ഥാനം പുറകിലാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഇന്ത്യക്ക് പുറത്തേക്ക് വളര്‍ന്ന ഫ്യൂസലേജ്

ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ നിന്നും ആരംഭിച്ച് വിദേശ രാജ്യങ്ങളിലേക്ക് അടക്കം വളര്‍ന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലുണ്ട്. അതിലൊന്നാണ് കൊച്ചി കേന്ദ്രമായ ഫ്യൂസലേജ്. ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിളപരിപാലനം നടത്തുന്ന രീതിയാണ് കമ്പനി വികസിപ്പിച്ചത്. 2018ലെ പ്രളയത്തിന് പിന്നാലെ വിള കുറഞ്ഞതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശികളായ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും കമ്പനി ആരംഭിക്കുന്നത്. വായ്പയെടുത്ത 7.5 ലക്ഷം രൂപയായിരുന്നു മുടക്കുമുതല്‍. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും മറ്റ് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ വളര്‍ന്ന കമ്പനിക്ക് ഇന്ന് യു.കെ, ഫിന്‍ലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. നാല് വര്‍ഷം മുമ്പ് ആരംഭിച്ച കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി രൂപയുടെ വിറ്റുവരവ് നേടാനായി. ഇക്കൊല്ലമിത് 7 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷയെന്നും ഫ്യൂസലേജ് മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചന്ദ്രശേഖരന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു.

സസ്യ ഇറച്ചിയും കേരളത്തില്‍

സസ്യങ്ങളിലെ പ്രോട്ടീനില്‍ നിന്നും ഗ്രീന്‍ മീറ്റ് എന്ന പേരില്‍ വെജിറ്റേറിയന്‍ ഇറച്ചി ഉത്പാദിപ്പിക്കുന്ന കമ്പനിയും കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീനോവേറ്റീവ് ഫുഡ്‌സ് എന്ന സ്ഥാപനമാണ് ഇതിന് പിന്നില്‍. സസ്യാഹാരികള്‍ക്കും മാംസാഹാരികൾക്കും ഒരുപോലെ കഴിക്കാവുന്ന പ്രോട്ടീന്‍ കൂടുതലുള്ള വിഭവം എന്ന ആശയത്തില്‍ നിന്നാണ് കമ്പനിയുടെ പിറവിയെന്ന് സ്ഥാപകരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പി.ജി പറയുന്നു. കോഴിക്കോട് ഐ.ഐ.എമ്മിലെ എം.ബി.എ പഠനകാലത്താണ് ഇത്തരമൊരു ഉത്പന്നത്തിന്റെ സാധ്യത മനസിലാക്കിയത്. തുടര്‍ന്ന് സുഹൃത്തായ ധീരജുമായി ചേര്‍ന്ന് കമ്പനി ആരംഭിച്ചു. കെ.എസ്.ഐ.ഡി.സി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവരുടെ ധനസഹായത്തോടെയാണ് തുടക്കം. കിന്‍ഫ്രയുടെ ഹൈടെക് പാര്‍ക്കിലാണ് പ്രവര്‍ത്തനം. നിലവില്‍ ഇന്ത്യയിലൊട്ടാകെ ഗ്രീന്‍ മീറ്റ് വിപണനത്തിലുണ്ട്. ആമസോണിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയുമാണ് വില്‍പ്പന. അധികം വൈകാതെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഗ്രീന്‍ മീറ്റ് ഉപയോക്താക്കളിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com