

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്, അവരുടെ ഏറ്റവും പുതിയ ഏജന്റിക് എഐ അസിസ്റ്റന്റ് ആയ ക്ലോഡ് കോവർക്കിലേക്ക്, ടെക്നിക്കൽ അറിവില്ലാത്ത സാധാരണക്കാരായ പ്രൊഫഷണലുകളെ പോലും സങ്കീർണ്ണമായ ജോലികൾ പൂർത്തിയാക്കുന്നതിന് പ്രാപ്തമാക്കുന്ന ഏതാനും പ്ലഗിനുകൾ പുതിയതായി കൂട്ടിച്ചേർത്തതോടെയാണ് ഐടി സേവന മേഖലയൊന്നാകെ വിറച്ചുതുടങ്ങിയത്.
ഈ ജനുവരിയിൽ അവതരിപ്പിച്ച ക്ലോഡ് കോവർക്കിനെ കേവലം മൂന്നാഴ്ച്ച കൊണ്ടാണ് സി-കമ്പൈലർ മുതൽ ലീഗൽ അനാലിസിസ് വരെയുള്ള സങ്കീർണ്ണമായ കമ്പ്യൂട്ടർ ജോലികൾ അതിവേഗം പൂർത്തീകരിക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച 11 പ്ലഗിനുകൾ സന്നിവേശിപ്പിച്ച് കരുത്തുറ്റതാക്കിയത്. ഇതോടെ നിരവധി പ്രോഗ്രാമറുടെ സഹായത്തോടെ മാത്രം നേരത്തെ ചെയ്തു തീർക്കാൻ കഴിയുമായിരുന്ന ജോലികൾ, എഐ ടൂളുകൾ പ്രയോജനപ്പെടുത്തി കേവലം നിമിഷങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന നിലയിലേക്ക് ഇപ്പോൾ എത്തിച്ചേർന്നു.
ചുരുക്കത്തിൽ പരമ്പരാഗത സോഫ്റ്റ്‍വെയർ കമ്പനികളുടെ നിലനിൽപ്പിനെയാണ് ആന്ത്രോപിക് പോലുള്ള പുതുതലമുറ എഐ കമ്പനികൾ ഭീഷണി ഉയർത്തിയിരിക്കുന്നത്. എഐ ടൂളുകൾ കാഴ്ചവെക്കുന്ന അതിവേഗ വളർച്ചയും ദിനംപ്രതി വർധിക്കുന്ന കാര്യക്ഷമതയുടെയും പശ്ചാത്തലത്തിൽ, കോഡിങ് പോലെയുള്ള അടിസ്ഥാന ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സോഫ്റ്റ്‍വെയർ എൻജിനീയർമാർ, മറ്റ് ഉപജീവനമാർഗം അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്ന് ബഹുരാഷ്ട്ര ടെക് കമ്പനിയായ സോഹോ കോർപറേഷന്റെ സിഇഒ ആയ ശ്രീധർ വെമ്പു മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് പുതിയ ചർച്ചകൾക്ക് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്.
കോഡിങ്ങുകളെ കുറിച്ച് യാതൊരു അടിസ്ഥാന ധാരണകളുമില്ലാത്ത ഒരു വ്യക്തി, എഐ ടൂളായ ക്ലോഡ് ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ തയ്യാറാക്കിയ ഭഗവത്ഗീത വായിക്കാൻ സഹായിക്കുന്ന ഐഒഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പരമ്പരാഗത സോഫ്റ്റ്‍വെയർ ജോലികൾ വൈകാതെ പഴങ്കഥയാകുമെന്ന് ശ്രീധർ വെമ്പു സൂചിപ്പിരിക്കുന്നത്. എഐ കൊണ്ടുവരുന്ന പുരോഗതി ശാന്തമായി അംഗീകരിച്ച് മാറ്റത്തിനൊത്ത് സ്വയം പരുവപ്പെടുത്തുകയോ അല്ലെങ്കിൽ ജീവിക്കുന്നതിനായി മറ്റ് ജോലികൾ തേടുകയോ ചെയ്യണമെന്നാണ് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ സാരാംശം.
ഗൂഗിളിന്റെ എഐ ടൂളായ ജെമിനി പ്രോയുമായി, എഐ വിപ്ലവം ആഗോള സമ്പദ്ഘടനയെ എങ്ങനെ മാറ്റിമറിക്കുമെന്ന വിഷയത്തിൽ നടത്തിയ ദീർഘമായ ചാറ്റിന്റെ വിശദാംശങ്ങളും ശ്രീധർ വെമ്പു ഇതേ എക്സ് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. അതിവിദഗ്ധനായ സാമ്പത്തിക ശാസ്ത്രജ്ഞൻ നമ്മളോട് സംവദിക്കുന്നതു പോലെയാണ് പ്രസ്തുത വിഷയത്തിൽ വിശദീകരണം നൽകിയതെന്നും കൂടാതെ സ്വയം വിമർശനാത്മകമായി വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോൾ അതും മനോഹരമായി നിറവേറ്റിയെന്നും ശ്രീധർ വെമ്പു പറഞ്ഞു.
തന്റെ ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, നാളെകളിൽ പ്രത്യേക സാങ്കേതിക നൈപുണി ആർജിക്കുന്നതിനായി മനുഷ്യർ കഷ്ടപ്പെടേണ്ടിവരില്ലെന്നും എല്ലാം ചെയ്യാൻ പ്രാപ്തമാകുന്നവിധം എഐ വളരുമെന്നും അത് സർവസാധാരണമായി തീരുമെന്നും ശ്രീധർ വെമ്പു അഭിപ്രായപ്പെടുന്നത്. ഇതോടെ മനുഷ്യർക്ക് കുടുംബവും ആത്മീയതയും ഉത്സവങ്ങളിലും പ്രകൃതിയിലും ഒക്കെ കൂടുതൽ സമയം ചെലവിടാനുള്ള സാഹചര്യമൊരുക്കും. അതുപോലെ ഗ്രാമീണ മേഖലയിലെ ദാരിദ്ര നിർമാജനത്തിനും എഐ സഹായിക്കുമെങ്കിൽ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എഐയെ കുറിച്ച് അശുഭകരമായി ചിന്തിച്ചാൽ ഏതാനും പേരുടെ കൈകളിലേക്ക് ലോകത്തിന്റെ അധികാരം ചുരുങ്ങുമോ എന്ന ആശങ്കയാണ് തോന്നുന്നതെന്നും ശ്രീധർ വെമ്പു പറഞ്ഞു.
സോഫ്റ്റ്‍വെയർ സേവന മേഖലയെ എഐ പ്രതികൂലമായി ബാധിക്കുമോ എന്ന സംവാദം ഇതിനകം പൂർത്തിയായി കഴിഞ്ഞതാണെന്നും സമീപകാലത്തെ ടെക് കമ്പനികളുടെ ഓഹരികളുടെ പ്രകടനം ഇത് ശരിവെക്കുന്നതായും ബ്ലൂചിപ് ഡെയ്‍ലി ട്രെൻഡ് റിപ്പോർട്ടിലെ ചീഫ് ടെക്നിക്കൽ സ്ട്രാറ്റജിസ്റ്റ് അനലിസ്റ്റ് ലാറി ടെന്ററെല്ലി അഭിപ്രായപ്പെട്ടു. ഓഹരി വിപണി എഐയും സോഫ്റ്റ്‍വെയറും തമ്മിലുള്ള വിഷയത്തിൽ വിധി ഇതിനകം എഴുതിക്കഴിഞ്ഞു. സോഫ്റ്റ്‍വെയർ എൻജിനീയറിങ്ങിനെ മികച്ചതാക്കുകയല്ല പകരം മാറ്റിപ്രതിഷ്ഠിക്കുകയാണ് എഐ ചെയ്യുന്നത്.
2026 ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യമാണ് യുഎസ് ടെക് കമ്പനികൾക്ക് മാത്രം നഷ്ടമായത്. ഈ വർഷം ഇതുവരെയായി 20 ശതമാനവും ആറ് മാസത്തിനിടെ 26 ശതമാനവും കഴിഞ്ഞ ഒരു വർഷത്തെ ഉയർന്ന നിലവാരത്തിൽ നിന്നും 37 ശതമാനം വീതവും തിരുത്തൽ പ്രമുഖ ടെക് കമ്പനികളുടെ ഓഹരിയിൽ നേരിട്ടു. സോഫ്റ്റ്‍വെയർ ടെക് ഓഹരികളിൽ കേവലം സാങ്കേതികമായ തിരുത്തലല്ല മറിച്ച് ഘടനാപരമായ വഴിമാറ്റമാണ് പ്രകടമാകുന്നതെന്ന മുന്നറിയിപ്പും അനലിസ്റ്റ് ലാറി ടെന്ററെല്ലി സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവെച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine