

ഐ.ടി ജോലികളില്‍ നിര്‍മിത ബുദ്ധി വലിയ മാറ്റമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. നിലവിലുള്ള 90 ശതമാനം പ്രോഗ്രാമിംഗ് ജോലികളും എ.ഐ ഏറ്റെടുക്കുമെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു മുന്നറിയിപ്പ് നല്‍കി. പ്രോഗ്രാമിംഗിന് ആവര്‍ത്തന സ്വഭാവമുള്ളത് കൊണ്ട് 90 ശതമാനം കോഡിംഗ് ജോലികളും എ.ഐ ഏറ്റെടുക്കുമെന്ന് ശ്രീധര്‍ വെമ്പു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പറഞ്ഞു. 90 ശതമാനം കോഡുകളും എ.ഐ എഴുതുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ 90 ശതമാനം പ്രോഗ്രാമര്‍മാരും ഭീഷണിയിലാണെന്ന് അദ്ദേഹം കുറിച്ചു.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ പ്രസക്തി ഇല്ലാതാക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് ഓപ്പണ്‍ എ.ഐ സി.ഇ.ഒ ആള്‍ട്ട്മാനും പറയുന്നു. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ എ.ഐയുടെ സാന്നിധ്യം വര്‍ധിക്കുന്നത് പതിയെ എഞ്ചിനീയര്‍മാരുടെ പ്രസക്തി കുറക്കും. വളരെ പെട്ടെന്ന് ഇത് സംഭവിക്കണമെന്നില്ല. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ചെയ്യാനുള്ള എന്തെങ്കിലുമൊക്കെ ജോലി വീണ്ടും അവശേഷിക്കും. പക്ഷേ ഒരു നാള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ഈ ജോലിക്ക് ആവശ്യമല്ലാതായി വരും. പണ്ട് കോഡിംഗിലുള്ള പ്രാവീണ്യം നേടണമെന്നാണ് എഞ്ചിനീയര്‍മാരോട് പറയുന്നത്. ഇന്ന് എ.ഐ ടൂളുകളില്‍ അഗ്രഗണ്യരാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിക്ക കമ്പനികളുടെയും പകുതി കോഡിംഗ് ജോലികളും ഇപ്പോള്‍ എ.ഐ സഹായത്തോടെയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു എ.ഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ സി.ഇ.ഒ ഡാരിയോ അമോഡെയും സമാനമായ അഭിപ്രായക്കാരനാണ്. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ കോഡിംഗ് ജോലികളും നിര്‍മിത ബുദ്ധി ഏറ്റെടുക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. മെറ്റയുടെ ആപ്ലിക്കേഷന്‍ കോഡിന്റെ ഭൂരിഭാഗവും എ.ഐ ഏറ്റെടുക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അടുത്തിടെ പറഞ്ഞിരുന്നു.
അതേസമയം, ചില ജോലികള്‍ എ.ഐ ഇല്ലാതാക്കുമെങ്കിലും അനന്തമായ തൊഴില്‍ സാധ്യതകളും തുറന്നിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2027ല്‍ മാത്രം ഐ.ഐ മേഖലയില്‍ ഇന്ത്യയില്‍ 23 ലക്ഷം തൊഴില്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ ബ്രെയിന്‍ ആന്‍ഡ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ ജോലികള്‍ ചെയ്യാന്‍ വേണ്ടത്ര പരിജ്ഞാനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്ത് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ പ്രതിസന്ധി അമേരിക്ക അടക്കമുള്ള രാജ്യങ്ങളെയും ബാധിക്കും. അമേരിക്കയില്‍ 13 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെങ്കിലും എ.ഐ വൈദഗ്ധ്യം നേടിയ 70,000 പേരുടെയെങ്കിലും കുറവുണ്ടാകും. ഇതേ അവസ്ഥ യു.കെ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ വൻകിട രാജ്യങ്ങളിലും പ്രകടമാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍മിത ബുദ്ധിയില്‍ വൈദഗ്ധ്യം നേടണമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine