

ദക്ഷിണേന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന എഐ സമ്മിറ്റ് ആഗോള ടെക് വമ്പന്മാരുടെയും കമ്പനികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇന്നലെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന സമ്മിറ്റ് സംഘാടകരുടെ പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പ്രതികരണമാണ് നേടിയത്.
ഒരു ലക്ഷത്തില്‍ താഴെ രജിസ്‌ട്രേഷനായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൂന്നു ലക്ഷത്തിന് മുകളില്‍ രജിസ്‌ട്രേഷന്‍ നടന്നു. രാജ്യം എഐ വിപ്ലവത്തിനൊപ്പമോ മുമ്പിലോ മുന്നേറുമെന്ന സൂചനയാണ് എഐ സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്.
ഇന്നലെ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കമ്പനികളുടെ പവലിയന്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചാണ് മടങ്ങിയത്. എഐ സമ്മിറ്റിനോട് അനുബന്ധിച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, അദാനി ഗ്രൂപ്പ് എന്നീ കമ്പനികള്‍ എഐ ഡേറ്റ സെന്റര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. 54,000 കോടി രൂപയുടെ നിക്ഷേപമാണ് ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിസിഎസും ആഗോള നിക്ഷേപക സ്ഥാപനമായ ടിപിജിയും ചേര്‍ന്ന് ഹൈപ്പര്‍വാള്‍ട്ട് എന്ന പേരിലാകും സംയുക്ത സംരംഭം തുടങ്ങുക.
എഐ തൊഴില്‍ വ്യാപകമായി ഇല്ലാതാക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് നീതി ആയോഗ് മുന്‍ സിഇഒയും ജി20 ഷേര്‍പ്പയുമായ അമിതാഭ് കാന്ത് പറഞ്ഞു. എഐ സമ്മിറ്റിന്റെ രണ്ടാംദിനത്തിലെ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോളജിയുടെ വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കും. വലിയ തോതില്‍ തൊഴിലുകളെ ഇല്ലാതാക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാങ്കേതികവിദ്യയും ഒരിക്കലും തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കില്ല. അത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷേ വ്യത്യസ്തമായ തരത്തിലുള്ളതാണ്. വ്യവസായങ്ങള്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം വികസിക്കുമ്പോള്‍, ഡേറ്റാ ശാസ്ത്രജ്ഞരും മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റുകളും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വൈദഗ്ധ്യത്തിനുള്ള ആവശ്യകത എഐ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വാദിച്ചു.
എന്നിരുന്നാലും, കൃത്രിമബുദ്ധിയിലെ വന്‍തോതിലുള്ള ആഗോള നിക്ഷേപങ്ങളുടെ നിലവിലെ തരംഗം, നേട്ടങ്ങള്‍ ഒരുപിടി കോര്‍പ്പറേഷനുകളിലോ രാജ്യങ്ങളിലോ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ അപകടസാധ്യതകള്‍ കൂടുതലാണെന്നും അമിതാഭ് കാന്ത് മുന്നറിയിപ്പ് നല്കി.
എഐ സമ്മിറ്റിന്റെ പ്രധാന സംഘാടകരിലൊരാളായ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എഐയെ അഞ്ചാം വ്യവസായിക വിപ്ലവമെന്നാണ് വിശേഷിപ്പിച്ചത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ എഐ ഉപയോഗിക്കാമെന്നും വൈഷ്ണവ് വ്യക്തമാക്കി. സമ്മിറ്റ് വഴി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിലധികം നിക്ഷേപം രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine