നാളെ മുതല്‍ നിരത്തുകളില്‍ നിര്‍മിത ബുദ്ധി നിങ്ങളെ പിന്തുടരും
നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിരത്തുകളില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗത നിയമലംഘകര്‍ക്ക് പിടിവീഴും. സംസ്ഥാനത്ത് റോഡുകളില്‍ 726 നിര്‍മിതബുദ്ധി കാമറകളാണുള്ളത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന സൃഷ്ടിക്കുന്ന പ്രയാസം ഒഴിവാക്കാനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ കാമറകള്‍ സ്ഥാപിച്ചത്.
കണ്‍ട്രോള്‍ റൂമുകള്‍ വീക്ഷിക്കും
റോഡപകടങ്ങള്‍ കുറയ്ക്കുക, ഗതാഗത നിയമലംഘകരെ പൊലിസിനെ സ്വാധീനിക്കാന്‍ അനുവദിക്കാതെ പിടികൂടുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. കാമറയില്‍ പതിയുന്ന വിഡിയോ ഫീഡും ഡാറ്റകളും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, പൊലിസ്, ജി.എസ്.ടി വകുപ്പുകള്‍ക്ക് കൈമാറും.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ എഐ ക്യാമറകള്‍ 4ജി കണക്റ്റിവിറ്റി സിം ഉപയോഗിച്ച് ഡാറ്റ കൈമാറ്റം ചെയ്യും. അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കുന്നതിനാണ് 25 കാമറകള്‍. ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്ത ഡ്രൈവര്‍മാര്‍, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനാണ് 675 ക്യാമറകള്‍.
നാല് ഫിക്സഡ് ക്യാമറകളും നാല് മൊബൈല്‍ ക്യാമറകളും (വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്) അമിതവേഗതയുള്ള വാഹനങ്ങളെ കണ്ടെത്തും. 18 ക്യാമറകള്‍ റെഡ്‌ലൈറ്റ് ചാടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. സിഗ്നല്‍ ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ 18 കാമറകളും ഈ സിസ്റ്റത്തിന്റെ ഭാഗമായി ജില്ലകളിലുണ്ടാകും. കാമറുകളുടെ ഏകോപനത്തിനായി ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.
നോട്ടിസ് എത്തും
ഒരു വര്‍ഷമായി കാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതനുസരിച്ച് ഗതാഗത വകുപ്പിന് ലഭിച്ച ഫീഡ്ബാക്ക് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കാമെന്നാണ്. ഒരു കാമറയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ വാഹന്‍ സൈറ്റിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കുറ്റകാര്‍ക്ക് മൊബൈല്‍ ഫോണില്‍ പിഴ സന്ദേശമെത്തും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തില്‍ ദിവസങ്ങള്‍ക്കകം പിഴയുടെ വിശദാംശം ചിത്രം സഹിതം നോട്ടിസായും എത്തും.
പിഴത്തുക ഇങ്ങനെ
അനധികൃത പാര്‍ക്കിംഗ്: 250 രൂപ
ഹെല്‍മറ്റില്ലാത്ത യാത്ര : 500 രൂപ
പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര : 500 രൂപ
സീറ്റ് ബെല്‍റ്റില്ലാതെ യാത്ര : 500 രൂപ
ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ : 1,000 രൂപ
അമിതവേഗത : 1,500 രൂപ
ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചാല്‍: 2,000 രൂപ