Begin typing your search above and press return to search.
എ.ഐ ക്യാമറ: സര്‍ക്കാരിന് കാശു മുതലായി; പക്ഷെ കെല്‍ട്രോണ്‍ പണം കിട്ടാന്‍ കോടതിയില്‍
റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങള്‍ ഒപ്പിയെടുക്കാന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറ സംസ്ഥാന സര്‍ക്കാരിന് നേടിക്കൊടുത്തത് റെക്കോഡ് പിഴവരുമാനം. പതിനൊന്ന് മാസംകൊണ്ട് 365 കോടി രൂപയാണ് പിഴയായി സംസ്ഥാന സര്‍ക്കാരിലേക്ക് എത്തിയത്. മന്ത്രി പി. രാജീവാണ് എ.ഐ ക്യാമറയിലൂടെ ലഭിച്ച വരുമാനം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. 726 ക്യാമറകളാണ് റോഡുകളില്‍ നിരീക്ഷണക്കണ്ണ് തുറന്നിരിക്കുന്നത്. 232 കോടി രൂപയുടെ പ്രൊജക്ടാണ് ഒരുവര്‍ഷം കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. ചെലവിനുശേഷം 133 കോടി രൂപയുടെ ലാഭം ഉണ്ടാക്കാനും എ.ഐ ക്യാമറയിലൂടെ സാധിച്ചു.
കെല്‍ട്രോണ്‍ സര്‍ക്കാരിനെതിരേ കോടതിയില്‍
എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് സാങ്കേതിക കാര്യങ്ങളെല്ലാം ചെയ്തിരുന്നത് കെല്‍ട്രോണ്‍ ആയിരുന്നു. എന്നാല്‍ പദ്ധതിക്കായി ചെലവായ പണം ഇതുവരെ തന്നുതീര്‍ത്തിട്ടില്ലെന്നാണ് പൊതുമേഖല സ്ഥാപനം പറയുന്നത്. ലഭിക്കാനുള്ള തുകയുടെ മൂന്നും നാലും ഗഡുക്കള്‍ ആവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എ.ഐ ക്യാമറ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഫണ്ട് അനുവദിക്കുന്നത് കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെല്‍ട്രോണ്‍ കോടതിയെ സമീപിച്ചത്. ആദ്യ രണ്ടു ഗഡുവായി 11.79 കോടി രൂപ നല്‍കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
മാര്‍ച്ച് 15നായിരുന്നു മൂന്നാംഗഡു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാംഗഡു പോലും സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 145 ജീവനക്കാര്‍ പദ്ധതിക്കായി ജോലി ചെയ്യുന്നുണ്ടെന്നും പണംകിട്ടാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos