

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നത് കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം മൂലമല്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്). അടുത്തിടെ കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളുടെ പൊടുന്നനെയുള്ള അസ്വാഭാവിക മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എയിംസിന്റെ വിശദീകരണം. മരണങ്ങള്‍ക്ക് കാരണം വാക്‌സിനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് എയിംസിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഥമിക പഠനം നടത്തിയിരുന്നു. വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്.
2018 നും 2023 നും ഇടയില്‍ എയിംസില്‍ നടന്ന രണ്ട് പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ അപകടകാരിയല്ലെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുമ്പും ശേഷവും ഹൃദയാഘാത മരണങ്ങളുടെ പഠനമാണ് പ്രധാനമായും നടന്നതെന്ന് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ.അഭിഷേക് യാദവ് പറയുന്നു. കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കോവിഡിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നാണ് ഈ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഐസിഎംആറുമായി ചേര്‍ന്ന് എയിംസ് 2023 ല്‍ ആരംഭിച്ച മറ്റൊരു പഠനം തുടരുന്നുണ്ട്. അടുത്ത ഒന്നര വര്‍ഷം കൂടിയാണ് ഇതിന്റെ കാലാവധി. ഇതുവരെ 230 മരണങ്ങള്‍ പഠനവിധേയമാക്കി. ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ കുടുംബ ആരോഗ്യ ചരിത്രം, ഡിഎന്‍എ പരിശോധന തുടങ്ങിയ വിവിധ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. 18-45 വയസിനിടയിലുള്ളവര്‍, 45-65 വയസിനുള്ളിലുള്ളവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് പഠനം.
യുവാക്കളിലുള്ള മരണത്തിന് ജീവിത ശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് എയിംസിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുത്. 230 കേസുകളില്‍ പകുതിയും ഇത്തരം കാരണങ്ങള്‍ മൂലമാണ്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവ വെല്ലുവിളികളാണ്. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പെട്ടെന്നുള്ള മരണത്തിലേക്ക് വഴിവെക്കുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ പഠനം നടന്ന കേസുകളില്‍ 25 ശതമാനം പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവയാണ്. ഇവയില്‍ വിശദമായ പരിശോധന നടന്നു വരികയാണ്.
ഓക്‌സ്ഫഡ്-ആസ്ട്രസെനിക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് 62.1 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് എയിംസിലെ കമ്യുണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.സഞ്ജയ് റായ് പറയുന്നു. ലോകത്ത് 37 തരം വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 12 എണ്ണമാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. ലോകത്ത് ഇതുവരെ 1,300 കോടി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആറ് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ വാക്‌സിനേഷന്‍ തുടരണമെന്നാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇന്ത്യയില്‍ കഴിഞ്ഞ മാസം വര്‍ധിച്ച കോവിഡ് കേസുകളില്‍ ഇപ്പോള്‍ കുറവ് വരുന്നുണ്ട്. 1,700 കേസുകള്‍ ഉണ്ടായിരുന്നത് 1,200 ആയി കുറഞ്ഞു. ഈ വര്‍ഷം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ 146 പേര്‍ മരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine