ടേക്ക് ഓഫ് ചെയ്യുമ്പോള്‍ അപകട സന്ദേശം, മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്ന് തീഗോളമായി, ബോയിംഗ് വിമാന അപകടം വീണ്ടും, കാരണമെന്ത്?

പരിചയ സമ്പന്നരായ പൈലറ്റുമാര്‍ക്ക് പ്രതികരിക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍
air india flight crash site
Facebook/ IADN centre
Published on

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകര്‍ന്നു വീണതിന്റെ ഞെട്ടലിലാണ് രാജ്യം. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ക്ക് പ്രതികരിക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിനിറ്റുകള്‍ക്കുള്ളില്‍ അപകടം

രണ്ട് പൈലറ്റും 10 ക്യാബിന്‍ ക്രൂവും അടക്കം 242 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്ടന്‍ സുമീത്ത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലീവ് കുന്ദറുമായിരുന്നു വിമാനത്തിന്റെ നിയന്ത്രണം. 01.39ന് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലേക്ക് അപകട സന്ദേശമെത്തി. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം എയര്‍ ട്രാഫിക്ക് കണ്‍ട്രോളിലേക്ക് കൈമാറുന്ന മേയ് ഡേ (mayday) സന്ദേശമായിരുന്നു അത്. പിന്നാലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമാനവുമായുള്ള ബന്ധം നഷ്ടമായി. റണ്‍വേ 23ല്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനം തകരുന്നതെന്ന പേരില്‍ ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്.

വീണ്ടും വില്ലനായി ബോയിംഗ്

വിമാനത്താവളത്തിന് സമീപത്തുണ്ടായിരുന്ന മരത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും കേവലം 650 അടിമാത്രം (ഏകദേശം 200 മീറ്റര്‍) ഉയര്‍ന്ന ശേഷമായിരുന്നു അപകടം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ ഒരിക്കല്‍ കൂടി ബോയിംഗ് വിമാനം അപകടത്തില്‍ പെട്ടതിന്റെ ഞെട്ടലിലാണ് വ്യോമയാന ലോകം. സംഭവത്തിന് പിന്നാലെ ബോയിംഗ് കമ്പനിയുടെ ഓഹരി വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

വിദഗ്ധര്‍ പറയുന്നത്

എന്നാല്‍ ടേക്ക് ഓഫിന് ആവശ്യമായ വേഗത കൈവരിക്കുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതാകാം അപകടത്തിന് കാരണമെന്ന് ചില വ്യോമയാന വിദഗ്ധര്‍ പറയുന്നു. റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഇരു എഞ്ചിനുകളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കാനാണ് സാധ്യത. ടേക്ക് ഓഫിന് ശ്രമിക്കുമ്പോള്‍ വിമാനം താഴേക്ക് വരുന്നത് എഞ്ചിന്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് കൊണ്ട് മാത്രമാണ്. വിശദമായ അന്വേഷണത്തിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും വിദഗ്ധര്‍ പറയുന്നു.

ആളപായം ഉയരും

വിമാനത്താവളത്തിന് തൊട്ടുചേര്‍ന്നുള്ള മെഡിക്കല്‍ കോളേജിന്റെ ക്യാന്റീന്‍ കെട്ടിടത്തിലേക്കാണ് വിമാനം വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും ആളപായമുണ്ടായിട്ടുണ്ട്. ലണ്ടനിലേക്ക് 10 മണിക്കൂറോളം പറക്കേണ്ടതിനാല്‍ ഇതിനുള്ള ഇന്ധനവും വിമാനത്തില്‍ കരുതിയിരുന്നു. ഇതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.

Flight AI 171’s pilots issued a “Mayday” distress call shortly after takeoff from Ahmedabad before all communication was lost, and the Boeing 787 Dreamliner tragically crashed into a residential area — rescue operations and probe are underway.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com