85 എയര്‍ ബസ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ, ആകാശത്ത് ആധിപത്യം പിടിക്കാന്‍ പുതിയ നീക്കം

വ്യോമയാന മേഖലയില്‍ ആധിപത്യം പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ സജീവ നീക്കം. 85 പുതിയ എയര്‍ബസ് ജെറ്റുകള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 5,300 കോടിയോളം രൂപയുടെ ഓര്‍ഡറാണ് എയര്‍ ഇന്ത്യ എയര്‍ബസിന് നല്‍കിയതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. 75 എ 320 ഫാമിലി ജെറ്റുകളും 10 എ 350 എസ് വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടും. സിറിയം അസന്റ് പുറത്തു വിട്ട ആഗോള എയര്‍ലൈന്‍ ഡാറ്റയിലാണ് എയര്‍ ബസിന് ലഭിച്ച പുതിയ ഓര്‍ഡറിന്റെ വിവരങ്ങളുള്ളത്. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വ്യാപാര രംഗത്തെ കിടമല്‍സരം മൂലം ഇത്തരം ഓര്‍ഡറുകളെ കുറിച്ച് എയര്‍ലൈന്‍ കമ്പനികള്‍ വിവരങ്ങള്‍ നല്‍കാറില്ലെന്നാണ്‌ ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടുതല്‍ ബോയിംഗ് വിമാനങ്ങളും വാങ്ങാന്‍ പദ്ധതി

ബുധനാഴ്ച രാത്രിയാണ് എയര്‍ ബസിന് ലഭിച്ച ഓര്‍ഡറുകളുടെ ഡാറ്റ പുറത്തു വന്നത്. എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ മേധാവി രത്തന്‍ ടാറ്റയുടെ നിര്യാണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പായിരുന്നു ഇത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയര്‍ ബസുമായി എയര്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തി വരുന്നതായി കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ബസ് ഡീലിന് പുറമെ ബോയിംഗ് കമ്പനിയില്‍ നിന്ന് 220 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും എയര്‍ ഇന്ത്യക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ പുതിയ വിമാനങ്ങള്‍ ഇറക്കി മല്‍സരം കടുപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി.

Related Articles
Next Story
Videos
Share it