Begin typing your search above and press return to search.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരിച്ചെത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തെച്ചൊല്ലി വിവാദം
ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കരീബിയന്‍ ദ്വീപില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരിച്ചെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് താരങ്ങളെ ഇന്ത്യയിലെത്തിച്ചത്. അതേസമയം, ഇതിനായി യു.എസില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കേണ്ട യാത്രാ വിമാനം എയര്‍ ഇന്ത്യ റദ്ദാക്കിയെന്ന് ആരോപിച്ച് ചില യാത്രക്കാര്‍ രംഗത്തുവന്നത് വിവാദമായി. നെവാര്‍ക്ക്-ഡല്‍ഹി റൂട്ടില്‍ എയര്‍ ഇന്ത്യയുടെ റെഗുലര്‍ സര്‍വീസാണ് റദ്ദാക്കിയത്.
സംഭവത്തില്‍ ഇടപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം ബ്രിഡ്ജ്ടൗണിലെ ഗ്രാന്റ്ലി ആദം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ന് രാവിലെയോടെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തി.
റെഗുലര്‍ സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ മാത്രമേ ചാര്‍ട്ടര്‍ സര്‍വീസുകള്‍ നടത്താവൂ എന്നാണ് ഏവിയേഷന്‍ നിയമം പറയുന്നത്. ജൂലൈ രണ്ടിന് നെവാര്‍ക്ക്-ന്യൂഡല്‍ഹി റൂട്ടില്‍ പറക്കേണ്ടിയിരുന്ന എഐ 106 വിമാനം എയര്‍ ഇന്ത്യ റദ്ദാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. വിമാനം റദ്ദാക്കിയത് മൂലം കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാനും ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറത്തുന്നതിന് ഡി.ജി.സി.എയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ദിവസങ്ങളായി ബാര്‍ബഡോസില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ക്രമീകരണം നടത്തിയ ശേഷമാണ് ഡി.ജി.സി.എ അനുമതി നല്‍കിയത്. ഇതുമൂലം ഒരു യാത്രക്കാരന്റെ പോലും യാത്ര മുടങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം എയര്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. അതേസമയം, വിമാനം റദ്ദാക്കിയത് മൂലം ആരുടെയും യാത്ര മുടങ്ങിയില്ലെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇക്കാര്യം മുന്‍കൂട്ടി യാത്രക്കാരെ അറിയിച്ചെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്നും ഇവര്‍ വിശദീകരിക്കുന്നു. എയര്‍ ഇന്ത്യയുടെ വാദങ്ങളെ തള്ളിയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ടീം ഇന്ത്യയ്ക്ക് ഗംഭീര സ്വീകരണം
ടി-20 ലോകകപ്പ് കിരീടം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഡല്‍ഹിയില്‍ ഗംഭീര സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച, മുംബയ് വാംഖഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡ് എന്നിവയ്ക്ക് ശേഷം ട്രോഫി ബി.സി.സി.ഐക്ക് കൈമാറി ടീം അംഗങ്ങള്‍ ജന്മനാടുകളിലേക്ക് തിരിക്കും.ജൂണ്‍ 29നു നടന്ന ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയത്.
Next Story
Videos