
ജൂണ്‍ 12നുണ്ടായ ദുരന്തത്തിന് ശേഷം ബോയിംഗ് 787 വിഭാഗത്തില്‍ പെട്ട 66 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയെന്ന് ഡയറക്ടര്‍ ജനറള്‍ ഓഫ് സിവില്‍ ഏവിയേഷന്‍. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഉടമസ്ഥതയിലുള്ള ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഡി.ജി.സി.എയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ എയര്‍ ഇന്ത്യ റദ്ദാക്കിയതാകട്ടെ ഒമ്പതോളം സര്‍വീസുകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച മാത്രം എട്ട് സര്‍വീസുകള്‍. പറക്കലിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതും വിമാനങ്ങളുടെ അപര്യാപ്തയുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും പാരീസിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ സുരക്ഷാ പരിശോധനയില്‍ ചില തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറിന് പുറമെ പാരീസ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് റദ്ദാക്കല്‍. അപകടമുണ്ടായ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ഇന്ന് മുതല്‍ പുനരാരംഭിക്കാനായിരുന്നു എയര്‍ ഇന്ത്യയുടെ പദ്ധതി. അപകടത്തില്‍ പെട്ട എ.ഐ 171ക്ക് പകരം എ.ഐ 159 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്താനായിരുന്നു പദ്ധതി. വിമാനങ്ങളുടെ അപര്യാപ്തത മൂലമാണ് ഇത് റദ്ദാക്കിയതെന്നാണ് വിവരം. വിമാനങ്ങളുടെ സാങ്കേതിക തകരാര്‍ മൂലമല്ല വിമാനം റദ്ദാക്കിയതെന്നും ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തികള്‍ അടച്ചത് മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണമെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. ഇതിന് പുറമെ ഡല്‍ഹി-ദുബായ്, ബംഗളൂരു-ലണ്ടന്‍, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ സര്‍വീസുകളും റദ്ദാക്കിയിരുന്നു.
അതേസമയം, ജൂണ്‍ 16ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും ചെന്നൈയിലേക്ക് വന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 787 വിമാനം പറന്നുയര്‍ന്ന ശേഷം തിരികെ പോയിരുന്നു. വിമാനത്തിലെ ഫ്‌ളാപ്പുകള്‍ ക്രമീകരിക്കുന്നതില്‍ തടസം നേരിട്ടതായി പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അന്നേദിവസം തന്നെ എയര്‍ ഇന്ത്യയുടെ മറ്റൊരു ബോയിംഗ് 787 വിമാനവും യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. ഹോംഗ് കോംഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഒന്നര മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കിയത്. വിമാനത്തിന്റെ എഞ്ചിനിലുണ്ടായ തകരാറാണ് കാരണമായി പറയുന്നത്.
യു.എസ് കേന്ദ്രമായ ബോയിംഗ് കമ്പനി നിര്‍മിച്ച ബോയിംഗ് 787 ഡ്രീംലൈനറിനുണ്ടായ ആദ്യ അപകടമാണ് അഹമ്മദാബാദില്‍ നടന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 33 ബോയിംഗ് 787 വിമാനങ്ങളിലും നിര്‍ബന്ധിത സുരക്ഷാ പരിശോധന നടത്താനാണ് ഡി.ജി.സി.എ തീരുമാനം.
അതിനിടെ ഇന്ന് ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനവും തിരിച്ചുവിളിച്ചു. ബാലിക്കടുത്ത് അഗ്നിപര്‍വതം സജീവമായതിനെ തുടര്‍ന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. വിമാനം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
Air India has cancelled 66 Boeing 787 Dreamliner flights following the Ahmedabad runway incident, disrupting operations across major routes.
Read DhanamOnline in English
Subscribe to Dhanam Magazine