
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ വന്‍ അപകടം ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ ചരിത്രമാകും. ഏതാണ്ട് 4,000 കോടിയിലേറെ രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കേണ്ടി വരുമെന്നാണ് സൂചന. ഇത്രയും വലിയ ബാധ്യത ഇന്ത്യന്‍ വ്യോമയാന ഇന്‍ഷുറന്‍സ് മേഖലയില്‍ രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. എയര്‍ ഇന്ത്യക്ക് നഷ്ടപ്പെട്ട വിമാനത്തിനുള്ള ഇന്‍ഷുറന്‍സ്, മരിച്ച യാത്രക്കാരുടെ കുടുംബത്തിനും ജീവിച്ചിരിക്കുന്നവര്‍ക്കുമുള്ള പരിരക്ഷ, വിമാനം തകര്‍ന്ന് വീണ സ്ഥലത്തുണ്ടായ നാശനഷ്ടങ്ങള്‍ തുടങ്ങി വിവിധ രീതികളിലാണ് ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കൈകാര്യം ചെയ്യുക. നഷ്ടപരിഹാരം കൂട്ടണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചാല്‍ തുക വര്‍ധിപ്പിച്ചു നല്‍കേണ്ടിയും വരും..
വിമാനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് മൂന്ന് പരിരക്ഷകളാണ്. വിമാനങ്ങളുടെ പൂര്‍ണഭാഗം, യാത്രക്കാര്‍, തേര്‍ഡ് പാര്‍ട്ടി എന്നിവയാണിത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ ഏതെല്ലാം വിഭാഗത്തിലാണ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നല്‍കേണ്ടി വരികയെന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക ബാധ്യതയെ ബാധിക്കുന്നതാണ്. വിമാന കമ്പനികള്‍ക്കാകട്ടെ അപകടസമയങ്ങളില്‍ രക്ഷയാകുന്നത് ഇന്‍ഷുറന്‍സ് കവറേജാണ്. വിമാനങ്ങളുടെ ഇന്‍ഷുറന്‍സിലെ ഹള്‍ കവറേജ് (വിമാനങ്ങളുടെ പൂര്‍ണഭാഗം) അപകടം മൂലമുണ്ടാകുന്ന യന്ത്രനഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണ് ലഭിക്കുന്നത്. അതേസമയം ലയബിലിറ്റി ഇന്‍ഷുറന്‍സ്, യാത്രക്കാര്‍ക്കുണ്ടാകുന്ന ജീവഹാനി, മറ്റു നഷ്ടങ്ങള്‍ എന്നിവക്കും കവറേജ് നല്‍കുന്നു.
അഹമ്മദാബാദ് അപകടത്തില്‍ ഹള്‍ കവറേജ് ക്ലെയിം ചെയ്യുന്നത് എയര്‍ഇന്ത്യയും ലയബിലിറ്റി കവറേജ് ക്ലെയിം ചെയ്യുന്നത് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളോ പരിക്കേറ്റവരോ ആണ്. എയര്‍ ഇന്ത്യക്ക് ഹള്‍ കവറേജിലൂടെ ഏതാണ്ട് 700 കോടി മുതല്‍ 1,200 കോടി രൂപയാണ് ലഭിക്കുക. വിമാനത്തിന്റെ കാലപ്പഴക്കം, സഞ്ചരിച്ച സാഹചര്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിശോധിച്ചാണ് തുക നല്‍കുന്നത്. യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക എത്രയെന്ന് കണക്കാക്കേണ്ടതുണ്ട്. ഓരോ യാത്രക്കാരന്റെയും സാമ്പത്തിക സ്ഥിതി, സാമൂഹിക നില തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ക്ലെയിം ഉന്നയിക്കപ്പെടുന്നത്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയെടുക്കാമെന്നാണ് ഈ മേഖലയിലെ സേവന ദാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വിമാന കമ്പനിക്കുള്ള ഇന്‍ഷുറന്‍സ് നേരത്തെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മരിച്ചവരുടെ എണ്ണം കൂടുതലായതിനാല്‍ ഓരോ ക്ലെയിമുകളും പ്രത്യേകം പരിഗണിക്കേണ്ടി വരും. ഇന്ത്യയിലെ ഒട്ടുമിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും വ്യക്തിപരമായ പോളിസികള്‍ എടുത്തവര്രും ഇതിലുണ്ടാകാം. അപകടത്തില്‍ മരിച്ചവരുടെ ക്ലെയിമുകള്‍ പെട്ടെന്ന് പരിഗണിക്കുമെന്ന് ബജാജ് അലയന്‍സ് അറിയിച്ചിരുന്നു.
ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനും കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതോടൊപ്പം, ക്ലെയിമുകളില്‍ കൂടുതല്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടു വരാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല. വിമാനാപകടങ്ങള്‍ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഉയര്‍ത്തിയേക്കുമെന്ന ആശങ്ക കൂടുതലാണ്.
യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം 1,999 ലെ മൊണ്‍ട്രിയേല്‍ കണ്‍വെന്‍ഷന്‍ തീരുമാനം അനുസരിച്ചുള്ളതാണ്. അപകടത്തില്‍ പെട്ട വിമാന യാത്രക്കാര്‍ക്ക് ഏതാണ്ട് 1.47 കോടി രൂപ അടിസ്ഥാന പരിരക്ഷയായി കണക്കാക്കിയാകും ക്ലെയിം നല്‍കുന്നത്. തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകളും ഇതു പോലെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
എയര്‍ ഇന്ത്യയടെ എല്ലാ വിമാനങ്ങള്‍ക്കും കൂടിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 2,000 കോടി ഡോളറാണ്. വിസ്താരയുമായുള്ള ലയനത്തിന് ശേഷമാണ് എയര്‍ഇന്ത്യ ഉയര്‍ന്ന തുകക്കുള്ള ഇന്‍ഷുറന്‍സ് എടുത്തു തുടങ്ങിയത്. 246 കോടി രൂപയാണ് വാര്‍ഷിക പ്രീമിയമായി എയര്‍ ഇന്ത്യ നല്‍കി വരുന്നത്. വിമാനങ്ങളുടെ ഇന്‍ഷുറന്‍സിന്റെ 5 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ചട്ടമുണ്ട്. വന്‍തുക ക്ലെയിം വരാന്‍ സാധ്യതയുള്ള വ്യോമയാന ഇന്‍ഷുറന്‍സില്‍ ഇന്ത്യന്‍ കമ്പനികള്‍ നാമമാത്രമായാണ് ഇടപെടാറുള്ളത്. അധികവും വിദേശ കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതിനാല്‍ കമ്പനിയുടെ ചരിത്രവും കോടതിയില്‍ ചര്‍ച്ചയാകും. മോശം സര്‍വീസിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക കൂടുതല്‍ നല്‍കാന്‍ കോടതികള്‍ ആവശ്യപ്പെട്ടേക്കുമെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആശങ്കയുണ്ട്.
2020 ഓഗസ്റ്റില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 180 പേര്‍ക്ക് ലഭിച്ചത് 185 കോടി രൂപയുടെ ഇന്‍ഷുറന്‍സായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 1.5 കോടി മുതല്‍ 2 കോടി രൂപ വരെയാണ് ലഭിച്ചത്. പരിക്കേറ്റവരില്‍ ഏറെ പേര്‍ക്കും 10 മുതല്‍ 15 ലക്ഷം രൂപ വരെയാണ് ലഭിച്ചത്. അതേ സമയം ചിലര്‍ക്ക് 7.5 കോടി രൂപ വരെയും കിട്ടിയിരുന്നു. നാലു വയസുള്ള പെണ്‍കുട്ടിക്ക് 4 കോടി രൂപയാണ് കേരള ഹൈക്കോടതി മുഖേന ലഭിച്ചത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ആനുകൂല്യം നേടിക്കൊടുക്കാനായി രൂപീകരിച്ച കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്തില്‍ നിരന്തരമായ നിയമപോരാട്ടങ്ങള്‍ നടന്നിരുന്നു. അപകടം നടന്നയുടനെ മരിച്ചവരുടെ കുടുംബത്തിന് 10 ക്ഷം രൂപ വീതമാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് കുറച്ചിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കരിപ്പൂര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ 21 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്നത് 190 പേരാണ്. ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടിയുള്ള കേസുകള്‍ ദുബൈയിലെയും അമേരിക്കയിലെയും കമ്പനികളാണ് കൈകാര്യം ചെയ്തത്. കേരള ഹൈക്കോടതിയും ഏതാനും പരാതികളില്‍ വിധി പറഞ്ഞിരുന്നു. അപകടം നടന്ന് ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഏറെക്കുറെ എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിച്ചു . അതേസമയം, 2010 മെയില്‍ മംഗലാപുരത്ത് നടന്ന വിമാന ദുരന്തത്തിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഇപ്പോഴും നിയമപോരാട്ടം നടത്തി വരുന്നവരുണ്ട്. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ 166 യാത്രക്കാരില്‍ 158 പേരും അന്ന് മരിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine