പണിമുടക്കിയ ജീവനക്കാരുടെ പണിതെറിപ്പിച്ച് എയര്‍ഇന്ത്യ; 100ലേറെ സര്‍വീസ് റദ്ദാക്കി

ജീവനക്കാരുടെ കൂട്ടഅവധിയില്‍ താറുമാറായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഇന്നും 76 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതോടെ കമ്പനി ജീവനക്കാര്‍ക്കെതിരായ നീക്കം കടുപ്പിച്ചിട്ടുണ്ട്. 20,000ത്തോളം യാത്രക്കാരാണ് യാത്ര ചെയ്യാനാകാതെ കുടുങ്ങിയത്.

എയര്‍ഇന്ത്യ എക്‌സ്പ്രസിലെ 30 സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കാണ് ജോലി നഷ്ടമായത്. ഇനിയും കൂടുതല്‍ ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ജോലിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് പിരിച്ചുവിടല്‍ കത്തില്‍ കമ്പനി ആരോപിക്കുന്നത്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ നീക്കം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ യശസിന് കളങ്കംവരുത്തിയെന്നും കത്തില്‍ പറയുന്നു. പ്രതിസന്ധി തുടരുന്നതിനിടെ കാബിന്‍ ക്രൂ ജീവനക്കാരുടെ യോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നോട്ടീസ് ലഭിച്ചവരെ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരായി പരിഗണിക്കില്ലെന്നും ഔദ്യോഗിക ഇ-മെയില്‍, സെര്‍വര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്നും അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും നോട്ടീസില്‍ പറയുന്നു.

സര്‍വീസ് മുടങ്ങിയതോടെ യാത്രക്കാര്‍ കമ്പനിക്കെതിരേ തിരിഞ്ഞിട്ടുണ്ട്. അവസാന നിമിഷം മാത്രമാണ് യാത്രക്കാരെ ഇക്കാര്യം അറിയിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. റദ്ദാക്കിയ ചില സര്‍വീസുകളില്‍ ചിലത് മറ്റ് വിമാനക്കമ്പനികള്‍ ഏറ്റെടുത്ത് സര്‍വീസ് നടത്തുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഇന്ത്യയ്ക്കകത്തും വിദേശത്തേക്കുമായി ദിവസവും 360ലേറെ സര്‍വീസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. വിദേശത്തേക്കുള്ള സര്‍വീസുകളിലേറെയും ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. ഇതുമൂലം നിരവധി മലയാളികളുടെ യാത്രയാണ് പ്രതിസന്ധിയിലായത്.

മാനേജ്‌മെന്റിനെതിരേ ലേബര്‍ കമ്മീഷണര്‍

ജീവനക്കാരുടെ കൂട്ടഅവധിയില്‍ മുഖംനഷ്ടപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസിന് തിരിച്ചടിയായി ലേബര്‍ കമ്മീഷണറുടെ കത്തും പുറത്തുവന്നിട്ടുണ്ട്. മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ കത്ത്. ജീവനക്കാരുടെ പരാതി യാഥാര്‍ത്ഥ്യമാണെന്നും തൊഴില്‍ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ആരെയും നിയോഗിക്കാന്‍ കമ്പനി തയാറായിട്ടില്ലെന്നും അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ലേബര്‍ കമ്മീഷണര്‍ കുറ്റപ്പെടുത്തുന്നു.

ജീവനക്കാരുടെ സമരം കാരണം മേയ് 13 വരെ സര്‍വിസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ അലോക് സിങ് അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it