
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കനത്തതോടെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി കനക്കുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. പുലര്‍ച്ചെ 5.39ന് യാത്ര തുടങ്ങി മൂന്ന് മണിക്കൂര്‍ പറന്ന ശേഷമാണ് തിരിച്ചുവരവ്. പുലര്‍ച്ചെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചിലത് തിരികെ വിളിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. ഏതാണ്ട് 16 വിമാനങ്ങളെ പ്രതിസന്ധി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
എ.ഐ 130 ലണ്ടന്‍ ഹീത്രു - മുംബൈ - വിയന്നയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 102 ന്യൂയോര്‍ക്ക് - ഡല്‍ഹി - ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 116 ന്യൂയോര്‍ക്ക് - മുംബൈ- ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 2018 ലണ്ടന്‍ ഹീത്രു - ഡല്‍ഹി - മുംബൈയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 129 മുംബൈ - ലണ്ടന്‍ ഹീത്രു - മുംബൈയിലേക്ക് തിരികെ വരുന്നു
എ.ഐ 119 മുംബൈ - ന്യൂയോര്‍ക്ക് - മുംബയിലേക്ക് തിരികെ വരുന്നു
എ.ഐ 103 ഡല്‍ഹി വാഷിംഗ്ടണ്‍ - ഡല്‍ഹിയിലേക്ക് തിരികെ വരുന്നു
എ.ഐ 106 ന്യൂആര്‍ക്ക് - ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 188 വാന്‍കൂവര്‍ ഡല്‍ഹി - ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 101 ഡല്‍ഹി ന്യൂയോര്‍ക്ക് ഫ്രാന്‍ക്ഫൂട്ടിലേക്ക് തിരിച്ചുവിട്ടു
എ.ഐ 189 ഡല്‍ഹി - ടൊറൊന്റോ - ഡല്‍ഹിയിലേക്ക് തിരികെ വരുന്നു
അപ്രതീക്ഷിതമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ വിശദീകരണത്തില്‍ പറയുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുകയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റീഫണ്ട്, സൗജന്യ റീഷെഡ്യൂളിംഗ് തുടങ്ങിയ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
പുലര്‍ച്ചെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനുള്ള പ്രത്യാക്രമണത്തിന് മുന്നോടിയായാണ് ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇറാന് പുറമെ ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമ അതിര്‍ത്തികളും വിമാനങ്ങള്‍ ഒഴിവാക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള മുന്‍കരുതലുകളുടെ ഭാഗമായി വ്യോമയാന കമ്പനികള്‍ക്ക് കോടികള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine