ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ഇന്ത്യയും ഇന്‍ഡിഗോയും

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളുടെ 15 ശതമാനം വെട്ടിക്കുറയ്ക്കും. ഇന്‍ഡിഗോ 5 മുതല്‍ 7 ശതമാനം വരെ സര്‍വീസുകളിലാകും മാറ്റം വരുത്തുക.
An Aeroplan going for landing
Canva
Published on

രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും. അടുത്ത മൂന്നുമാസത്തേക്ക് സര്‍വീസുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും തീരുമാനിച്ചതോടെയാണിത്. ആഭ്യന്തര സര്‍വീസുകളില്‍ 90 ശതമാനവും കൈയാളുന്നത് ഈ രണ്ടു കമ്പനികള്‍ ചേര്‍ന്നാണ്. വിമാന ഇന്ധനവില (Aviation Turbine Fuel (ATF) കുത്തനെ ഉയര്‍ന്നതും യാത്രക്കാരുടെ ഡിമാന്‍ഡ് കുറഞ്ഞതുമാണ് കമ്പനികളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഇറാന്‍-ഇസ്രയേല്‍ യുദ്ധവും മധ്യവേനല്‍ അവധിക്കാലം അവസാനിച്ചതും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികളെ പ്രേരിപ്പിച്ചു. എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളുടെ 15 ശതമാനം വെട്ടിക്കുറയ്ക്കും. ഇന്‍ഡിഗോ 5 മുതല്‍ 7 ശതമാനം വരെ സര്‍വീസുകളിലാകും മാറ്റം വരുത്തുക.

മൂന്നുമാസത്തേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് കുറയ്ക്കുക. ഉത്സവകാലം എത്തുന്നതോടെ ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷ. വിമാന കമ്പനികളുടെ ചെലവിന്റെ 40 ശതമാനവും ഇന്ധനവുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ അന്താരാഷ്ട്ര സര്‍വീസുകളിലും എയര്‍ ഇന്ത്യ കുറവു വരുത്തിയിരുന്നു.

ഡിമാന്‍ഡ് കുറവുള്ള മാസങ്ങള്‍

ഡല്‍ഹി, മുംബൈ അടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ കുറവുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം, ഒരു റൂട്ടില്‍ നിന്ന് പൂര്‍ണമായും പിന്‍മാറില്ലെന്ന് കമ്പനി വ്യക്തമാക്കി. കൊച്ചി ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ റൂട്ടുകളിലേക്കുള്ള സര്‍വീസുകളിലും മാറ്റം ബാധിക്കുമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണഗതിയില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ആഭ്യന്തര ഡിമാന്‍ഡ് കുറവായിരിക്കും. അവധിക്കാലം കഴിഞ്ഞ് ക്ലാസുകള്‍ തുടങ്ങുന്ന സമയമായതിനാലും വിനോദയാത്രകള്‍ കുറവായതിനാലും ഈ മാസങ്ങളില്‍ വിമാനയാത്രക്കാരുടെ എണ്ണം പൊതുവേ താഴ്ന്ന നിലയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com