എല്ലാം ശരിയാക്കണം! ഉടമകളോട് ₹10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ, വിമാന അപകടവും വ്യോമപാത അടച്ചതും കുരുക്കായി

പാക് വ്യോമപാത അടച്ചതിലൂടെ മാത്രം 4,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എയര്‍ ഇന്ത്യയുടെ കണക്ക്
Image courtesy: Air India/fb
Image courtesy: Air India/fb
Published on

ഉടമകളായ ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരില്‍ നിന്ന് 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് എയര്‍ഇന്ത്യ. ജൂണില്‍ 240 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടവും പാക് വ്യോമപാത നിരോധനവും കമ്പനിയുടെ പ്രവര്‍ത്തന ചെലവ് കൂട്ടിയതായും എയര്‍ ഇന്ത്യ പറയുന്നു. 2022ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം നല്ലപേര് കിട്ടാനുള്ള കഠിനപ്രയത്‌നത്തിലാണ് എയര്‍ ഇന്ത്യ. പുതിയ വിമാനങ്ങള്‍ വാങ്ങിയും അധിക റൂട്ടുകളിലേക്ക് സര്‍വീസ് നടത്തിയുമാണ് എയര്‍ ഇന്ത്യ തിരിച്ചു വരവിനൊരുങ്ങുന്നത്. നിലവില്‍ ടാറ്റ ഗ്രൂപ്പിന് 74.9 ശതമാനം ഓഹരികളാണ് എയര്‍ ഇന്ത്യയിലുള്ളത്. ബാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പക്കലും.

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം നടന്ന എയര്‍ ഇന്ത്യ വിമാന അപടകം കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍, പൈലറ്റ് പരിശീലനം, എഞ്ചിനീയറിങ്, അറ്റകുറ്റപ്പണി സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് വ്യാപക പരിശോധനകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഉടമകളില്‍ നിന്ന് ഫണ്ടിംഗ് തേടാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഈ പണം സുരക്ഷാ നവീകരണം അടക്കമുള്ളവക്കാണ് ഉപയോഗിക്കുന്നത്. സുരക്ഷ, എഞ്ചിനീയറിങ്, അറ്റകുറ്റപ്പണി സംവിധാനങ്ങള്‍ എന്നിവ സമഗ്രമായി നവീകരിക്കും. ജീവനക്കാരുടെ പരിശീലനം, വിമാനങ്ങളുടെ ക്യാബിന്‍ അപ്‌ഗ്രേഡ്, പ്രവര്‍ത്തന സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍ എന്നിവക്കും പണം വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ കൊല്ലം 9,500 കോടി

ഫണ്ട് എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. പലിശ രഹിത വായ്പയായോ അല്ലെങ്കില്‍ ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായി പുതിയ ഓഹരികളായി (Fresh Equity Infusion) നല്‍കാനോ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ടാറ്റ സണ്‍സിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് എയര്‍ ഇന്ത്യയില്‍ 9,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 4,000 കോടി രൂപയാണ് ടാറ്റ ഇതിനായി മാറ്റിവെച്ചത്. ഇക്കൊല്ലവും സമാന രീതിയിലുള്ള നിക്ഷേപം നടത്താനാണ് സാധ്യതയെന്നാണ് സൂചന.

വ്യോമപാതയില്‍ 4,000 കോടി നഷ്ടം

പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് വ്യോമപാത അടച്ചതും എയര്‍ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ പാക് വ്യോമപാത ഒഴിവാക്കി പറന്നത് 4,000 കോടി രൂപയുടെ അധികബാധ്യത എയര്‍ ഇന്ത്യക്ക് മാത്രമുണ്ടാക്കി. അതേസമയം, ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യക്കുണ്ടായത് 10,859 കോടി രൂപയുടെ നഷ്ടമാണ്. 78,636 കോടി രൂപയാണ് വരുമാനം.

Air India has asked its owners, Tata Sons and Singapore Airlines, for a ₹10,000 crore funding injection to modernise operations and recover from recent setbacks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com