
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍, പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ച തുര്‍ക്കിക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി ഇന്ത്യ. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുളള ബന്ധം വിച്ഛേദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിച്ചിരുന്നു. സമാനമായ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനങ്ങൾക്ക് സമഗ്രമായ അറ്റകുറ്റപ്പണികൾ നൽകുന്നത് തുര്‍ക്കി കമ്പനിയായ ടർക്കിഷ് ടെക്നിക്കായിരുന്നു (Turkish Technic). തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ രൂപപ്പെട്ട പൊതുജനവികാരം കണക്കിലെടുത്ത് ടർക്കിഷ് ടെക്നിക്കുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍ ടർക്കിഷ് ടെക്നിക്കുമായി ബിസിനസ് തുടരുന്നതിൽ ആശങ്കയുണ്ടെന്ന് എയർ ഇന്ത്യയുടെ സിഇഒ യും എംഡി യുമായ കാംബെൽ വിൽസൺ പറഞ്ഞു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ബദല്‍ കമ്പനികളെ കണ്ടെത്താനുളള അന്വേഷണം പുരോഗമിക്കുകയാണെന്നും കാംബെൽ എൻഡിടിവിയോട് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും വ്യോമതാവളങ്ങളിലും ആക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാന് തുര്‍ക്കി പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍, തുർക്കി കമ്പനികളുമായി ഒരു തരത്തിലുളള സഹകരണവും സാധ്യമല്ലെന്ന നിലപാടാണ് ഇന്ത്യക്കുളളത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകളെയും ബാധിച്ചിട്ടുണ്ട്. പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമാതിർത്തി ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾക്ക് അടച്ചിട്ടിരിക്കുന്നതിനാൽ, വടക്കേ അമേരിക്കയിലേക്കുള്ള എയർ ഇന്ത്യയുടെ ചില വിമാനങ്ങൾക്ക് വ്യത്യസ്തമായ ദീർഘമേറിയ റൂട്ടുകളിൽ സർവീസ് നടത്തേണ്ട സാഹചര്യം രൂപപ്പെട്ടിരുന്നു.
ചില നോൺ-സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് ഇപ്പോൾ ഇന്ധനം നിറയ്ക്കുന്നതിനായി സര്‍വീസ് മദ്ധ്യേ വിമാനത്താവളങ്ങളില്‍ നിര്‍ത്തേണ്ട സാഹചര്യവുമുണ്ട്. ഇതിന് എയര്‍ ഇന്ത്യക്ക് അധിക ചെലവും വഹിക്കേണ്ടി വരുന്നു. ഇത് ആത്യന്തികമായി യാത്രക്കാരിലേക്ക് കൈമാറുന്ന അവസ്ഥയാണ് ഉളളത്. പാക്കിസ്ഥാന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ തുര്‍ക്കിയിലേക്ക് ഇന്ത്യയില്‍ നിന്നുളള ടൂറിസം യാത്രകള്‍ വലിയ തോതില്‍ റദ്ദാക്കപ്പെട്ടിരുന്നു. കൂടാതെ വ്യാപാര-നയതന്ത്ര ബന്ധങ്ങളും ഇന്ത്യ കടുപ്പിച്ചിരുന്നു.
Air India to cut aviation ties with Turkey as retaliation for its support to Pakistan, following similar moves by Indigo and tourism sectors.
Read DhanamOnline in English
Subscribe to Dhanam Magazine