എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി, എത്ര കാലത്തേക്ക്, നിങ്ങളെ എങ്ങനെ ബാധിക്കും?

നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബദല്‍ യാത്ര ഒരുക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
Air India
Air Indiaairindia.com
Published on

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി എയര്‍ഇന്ത്യ. 241 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചിരുന്നു. ഇതെല്ലാം പൂര്‍വ്വനിലയില്‍ ആക്കുന്നതിന് അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ താല്‍കാലികമായി കുറവ് വരുത്തി. 15 ശതമാനം വൈഡ് ബോഡി അന്താരാഷ്ട്ര വിമാനങ്ങളാണ് വെട്ടിച്ചുരുക്കിയത്. അഹമ്മദാബാദ് വിമാന അപകടത്തിന് പുറമെ ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് വിമാന പാതകളില്‍ തടസം നേരിടുന്നതും വിമാന സര്‍വീസുകള്‍ കുറക്കാന്‍ കാരണമായിട്ടുണ്ട്. യൂറോപ്പിലും കിഴക്കനേഷ്യന്‍ മേഖലയിലും ഇപ്പോള്‍ രാത്രി കാലങ്ങളില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

ക്രമീകരണം ഒരു മാസം തുടരും

നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ വിമാന ക്രമീകരണങ്ങള്‍ ഒരു മാസം തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബദല്‍ യാത്ര ഒരുക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ചില പുന:ക്രമീകരണങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. തീരുമാനം വേദനാജനകമാണ്. എന്നാല്‍ ഒഴിവാക്കാന്‍ കഴിയില്ല. അഹമ്മദാബാദ് ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എയര്‍ ഇന്ത്യ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ എയര്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതായി വിസ്താര എയര്‍ലൈസില്‍ പങ്കാളിത്തമുള്ള സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അധിക പരിശോധന തുടരുന്നു

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശ പ്രകാരം എയര്‍ ഇന്ത്യ വിമാനങ്ങളുടെ അധിക പരിശോധന തുടരുന്നുണ്ട്. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിംഗ് 787 വിമാനങ്ങളും അധിക പരിശോധനക്ക് വിധേയമാക്കി വരികയാണ്. 33 വിമാനങ്ങളില്‍ 26 എണ്ണം പൂര്‍ത്തിയായതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതോടൊപ്പം ബോയിംഗ് 777 വിമാനങ്ങള്‍ക്കും പരിശോധന നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. അഹമ്മദാബാദ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള സമാശ്വാസ പ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ടു പോകുന്നതായി എയര്‍ ഇന്ത്യ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com