എയര്‍ കേരളയ്ക്ക് റഷ്യന്‍ ചിറക്, വിമാന പ്രതിസന്ധിക്ക് ബദല്‍ മാര്‍ഗം; 20 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ ധാരണ

ഉഡാന്‍ പദ്ധതിയില്‍പ്പെടുത്തി ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് എയര്‍കേരള തുടക്കത്തില്‍ നടത്തുക
എയര്‍ കേരളയ്ക്ക് റഷ്യന്‍ ചിറക്, വിമാന പ്രതിസന്ധിക്ക് ബദല്‍ മാര്‍ഗം; 20 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍ ധാരണ
Published on

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍കേരള സര്‍വീസ് ആരംഭിക്കുകയെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്തു. റഷ്യയില്‍ നിന്ന് 20 വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലെത്തിയതോടെയാണിത്. 2025 ജൂണ്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എയര്‍ കേരളയുടെ മുന്നൊരുക്കങ്ങള്‍.

പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരുടെ നീക്കത്തിന് പക്ഷേ അവസാന നിമിഷം തിരിച്ചടി നേരിടേണ്ടിവന്നു. വിമാനങ്ങള്‍ പാട്ടത്തിന് നല്കണമെങ്കില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂറായി നല്കുകയോ 200 കോടി രൂപയുടെ ബാങ്ക് ബാലന്‍സ് കാണിക്കുകയോ വേണമെന്നായിരുന്നു വിമാനക്കമ്പനികളുടെ നിലപാട്.

അയാട്ട കോഡ് കിട്ടിയെങ്കിലും എയര്‍ കേരളയ്ക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) ഇതുവരെ ലഭിച്ചിട്ടില്ല. 2024 ജൂലൈയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചെങ്കിലും സ്വന്തം വിമാനമുണ്ടെന്ന് കാണിക്കാത്തതാണ് എഒസി ലഭിക്കല്‍ വൈകിപ്പിക്കുന്നത്.

വാങ്ങുന്നത് 20 പുതിയ വിമാനങ്ങള്‍

വിമാനം പാട്ടത്തിലെടുക്കാനുള്ള സങ്കീര്‍ണത മറികടക്കാനാണ് എയര്‍കേരള റഷ്യന്‍ കമ്പനിയില്‍ നിന്ന് 20 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അധികം വൈകാതെ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള Il-114-300 യാത്രാവിമാനങ്ങള്‍ കൈമാറിയേക്കും. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്നോപ്രോം പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച ധാരണയായത്.

68 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാണ് ഇവ. ഉഡാന്‍ പദ്ധതിയില്‍പ്പെടുത്തി ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് എയര്‍കേരള തുടക്കത്തില്‍ നടത്തുക. വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി എയര്‍കേരള അധികൃതരെ ധനംഓണ്‍ലൈന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രണ്ട് TV7-117ST-01 എന്‍ജിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിമാനത്തില്‍ യാത്രക്കാരുമായി ഏകദേശം 1,400 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ സാധിക്കും. റഷ്യന്‍ സ്റ്റേറ്റ് കോര്‍പ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് (യുഎസി) ഈ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. മൊത്തം 105 വിമാനങ്ങള്‍ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കും.

യുഎഇയിലെ മലയാളി വ്യവസായികളായ അഫി അഹമ്മദും അയൂബ് കല്ലടയുമാണ് എയര്‍കേരളയുടെ പ്രധാന പ്രമോട്ടര്‍മാര്‍. അഫി അഹമ്മദ് ചെയര്‍മാനും അയൂബ് കല്ലട വൈസ് ചെയര്‍മാനുമാണ്. എയര്‍ അറേബ്യ, സലാം എയര്‍, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള ഹരീഷ് മൊയ്തീന്‍ കുട്ടിയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com