

പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കമ്പനി ഭാരവാഹികള്‍ നെടുമ്പാശേരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
2027ല്‍ രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയബന്ധിതമായ സര്‍വീസുമാണ് എയര്‍ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ പുതിയ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ തന്നെ ലഭിക്കാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരും. ഇക്കാരണത്താലാണ് വാടകയ്ക്ക് വിമാനങ്ങള്‍ കൊണ്ടുവരുന്നത്.
വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങള്‍ ഏപ്രിലില്‍ കൊച്ചിയില്‍ എത്തിക്കും. സെറ്റ്ഫ്ലൈ എവിയേഷന്‍സ് ആണ് എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്. വിമാനകമ്പനിയുടെ ഹബ് ആയി കൊച്ചി വിമാനത്താവളത്തെ ചെയര്‍മാന്‍ അഫി അഹമ്മദ് പ്രഖ്യാപിച്ചു.
76 സീറ്റുകള്‍ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനായി ഉപയോഗിക്കുന്നതെന്നും ഇതില്‍ എല്ലാം എക്കണോമി ക്ലാസുകള്‍ ആയിരിക്കുമെന്നും സി.ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷനായിരുന്നു. എം.പിമാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു. എയര്‍ കേരള വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കീര്‍ത്തി റാവു, ഓപ്പറേഷന്‍സ് ഹെഡ് ഷാമോന്‍ സെയ്ദ് മുഹസദ് തുടങ്ങിയവര്‍ സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine