എഞ്ചിനിലേക്ക് ഇന്ധനം കിട്ടാതെയാണ് എയർ ഇന്ത്യ വിമാനം തകർന്നതെന്ന് നിഗമനം, എങ്ങനെ കിട്ടാതായി? ചോദ്യം ബാക്കി; ‘‘എന്തിന് കട്ട് ഓഫ് ചെയ്തു’’, ‘‘ഇല്ല ചെയ്തില്ല’’ -പൈലറ്റുമാരുടെ സംഭാഷണം പുറത്ത്

അന്താരാഷ്ട്ര ഏവിയേഷന്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് ബോയിംഗ്
Plane crash
Plane crashANI
Published on

241 യാത്രക്കാര്‍ ഉള്‍പ്പടെ 271 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായത് എഞ്ചിനുകള്‍ പ്രവര്‍ത്തനം നിലച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. അപകടം നടന്ന് ഒരു മാസത്തിന് ശേഷം ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് സുപ്രധാന വിവരങ്ങളുള്ളത്. അപകടത്തില്‍ പെട്ട എയര്‍ഇന്ത്യയുടെ ബോയിംഗ് വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് നിലച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര ഏവിയേഷന്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള, എഎഐബിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നാണ് ബോയിംഗ് കമ്പനിയുടെ ആദ്യ പ്രതികരണം.

പൈലറ്റുമാരുടെ സംഭാഷണം

ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ ലോകത്തെ നടുക്കിയ അപകടം നടന്നത്. ലണ്ടനിലേക്കുള്ള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം താഴേക്ക് പതിക്കുകയായിരുന്നു. പിറ്റേന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ബ്ലാക്ക് ബോക്‌സില്‍ നിന്നാണ് അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കോക് പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിമാനത്തിലെ പൈലറ്റുമാരുടെ സംഭാഷണമാണ് പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്നത്. എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ സ്വിച്ച് എന്തിനാണ് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപ്രവര്‍ത്തകനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഓഫാക്കിയിട്ടില്ലെന്നായിരുന്നു മറുപടി.

ഇന്ധനത്തിന് സംഭവിച്ചത്

വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പെട്ടെന്ന് പ്രവര്‍ത്തന രഹിതമായതായാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. ഇന്ധനം പ്രവഹിപ്പിക്കുന്ന സ്വിച്ച് പെട്ടെന്ന് കട്ട് ഓഫിലേക്ക് മാറി. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ എഞ്ചിനുകള്‍ ഓഫായി. വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പ്രധാന പൈലറ്റ് ശ്രമിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇന്ധനത്തിന്റെ ഒഴുക്കിന് തടസങ്ങള്‍ നേരിട്ടിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം താഴെ പതിച്ചു.

മറ്റു സംവിധാനങ്ങള്‍ ഫലിച്ചില്ല

എഞ്ചിനുകള്‍ പെട്ടെന്ന് പ്രവര്‍ത്തനം നിലക്കുമ്പോള്‍ വിമാനത്തിന് ഹൈഡ്രോളിക് പവര്‍ നല്‍കാനുള്ള റാം എയര്‍ ടര്‍ബൈന്‍(RAT) പ്രവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തില്‍ ഉപയോഗിച്ച ഇന്ധനത്തിന് കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ ഫ്‌ളാപ്പുകളും ഗിയറുകളും ശരിയായ രീതിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അട്ടിമറി സാധ്യത കാണുന്നില്ല

അപകടത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. അതേസമയം, ഇന്ധന സ്വിച്ച് എങ്ങനെ ഓഫായി എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ബോയിംഗ് വിമാന കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ബോയിംഗിന്റെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

എഎഐബിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയണെന്നും ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഏവിയേഷന്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് ആവശ്യമെന്നും ബോയിംഗ് കമ്പനി പ്രതികരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com