
വ്യോമയാന രംഗം ആഗോള തലത്തില്‍ വലിയ വളര്‍ച്ച നേടുമ്പോഴും പ്രതിസന്ധിയായി വിമാനങ്ങളുടെ ലഭ്യതക്കുറവ്. പുതിയ വിമാനങ്ങളുടെ ഓര്‍ഡറുകള്‍ കെട്ടിക്കിടക്കുന്നതും കൈമാറ്റത്തില്‍ കാലതാമസം വരുന്നതും വ്യോമയാന മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ വിമാന ലഭ്യതയില്‍ വലിയ പ്രതിസന്ധി നേരിടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (International Air Transport Association-IATA) വ്യക്തമാക്കി. നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യ ആതിഥേയത്വം വഹിച്ച അയാട്ട വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.
വിവിധ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെല്ലാം ചേര്‍ന്ന് ചേര്‍ന്ന് നല്കിയ 17,000ത്തിലധികം വിമാനങ്ങളുടെ ഓര്‍ഡറുകളാണ് കൈമാറാനുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വിമാനങ്ങളെല്ലാം കൈമാറാന്‍ 14 വര്‍ഷമെങ്കിലും എടുക്കും. ആഗോളതലത്തില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ 15 ശതമാനം കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ വിമാനങ്ങള്‍ കൈമാറാന്‍ വൈകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
വിമാനങ്ങള്‍ കൃത്യസമയത്ത് കൈമാറാന്‍ സാധിക്കാത്തതിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. 2025ല്‍ 1,600 വിമാനങ്ങള്‍ മാത്രം കൈമാറാനേ നിര്‍മാതാക്കള്‍ക്ക് സാധിക്കൂ എന്നാണ് അയാട്ടയുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ വ്യോമയാന കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ എന്നിവയ്ക്കും കാലതാമസം തിരിച്ചടിയാണ് സമ്മാനിക്കുന്നത്. എയര്‍ബസ്, ബോയിംഗ് തുടങ്ങിയ കമ്പനികളാണ് വിമാന നിര്‍മാണത്തിലെ വമ്പന്മാര്‍.
എന്‍ജിനുകളിലെ സാങ്കേതിക പ്രശ്‌നങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും വിമാന കൈമാറ്റത്തിന്റെ വേഗം കുറച്ചിട്ടുണ്ട്. പല വ്യോമയാന കമ്പനികളും പഴയ വിമാനങ്ങളെ കൂടുതലായി ആശ്രയിക്കുകയാണ്. ഇത് ചെലവ് വര്‍ധിക്കാനും സുരക്ഷ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പുതിയ വിമാനങ്ങളുടെ ലഭ്യതക്കുറവ് വിമാനങ്ങളുടെ പ്രായത്തെയും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ പ്രായം 13ല്‍ നിന്ന് 15 ആയി വര്‍ധിച്ചിട്ടുണ്ട്. ഇത് കമ്പനികളുടെ ചെലവും വര്‍ധിപ്പിക്കും.
ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ഏവിയേഷന്‍ മാര്‍ക്കറ്റാണ് ഇന്ത്യ. പുതിയ വിമാനങ്ങളുടെ ലഭ്യതക്കുറവ് വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അടുത്തിടെ 200 പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്കിയിരുന്നു. എയര്‍ബസും ബോയിംഗുമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വിമാനങ്ങള്‍ ലഭ്യമാകുന്നതിനും കാലതാമസമെടുത്തേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine