Begin typing your search above and press return to search.
ആകാശത്ത് ദീപാവലി വില 'യുദ്ധം'; മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ കാശ് ലാഭിക്കാം
ദീപാവലിക്ക് മുന്നോടിയായി വന്‍ ഓഫറുകളുമായി ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍. നിരക്ക് താഴ്ത്തി ഓഫറുകള്‍ പ്രഖ്യാപിച്ച് കളംനിറയാനാണ് വ്യോമയാന കമ്പനികളുടെ ശ്രമം. കഴിഞ്ഞ വര്‍ഷത്തെ ഉത്സവകാലത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ശതമാനം വരെ നിരക്കില്‍ ഇളവ് ഇത്തവണയുണ്ട്. വിമാന ഇന്ധനവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതും വിമാനങ്ങളുടെ ശേഷി വര്‍ധിച്ചതുമാണ് നിരക്ക് കുറയ്ക്കാന്‍ എയര്‍ലൈനുകളെ സഹായിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് ബംഗളൂരു-കൊല്‍ക്കത്ത റൂട്ടില്‍ ടിക്കറ്റ് നിരക്ക് 10,195 രൂപയായിരുന്നു. ഇത്തവണ ഇത് 38 ശതമാനം ഇടിഞ്ഞ് 6,319 രൂപയായി. ചെന്നൈ-കൊല്‍ക്കത്ത റൂട്ടില്‍ 36 ശതമാനത്തിന്റെ കുറവുണ്ട്. 8,725 രൂപയില്‍ നിന്ന് നിരക്ക് 5,604 രൂപയായി. മുംബൈ-ഡല്‍ഹി റൂട്ടിലും 34 ശതമാനം വരെ നിരക്ക് കുറഞ്ഞിട്ടുണ്ട്.
മല്‍സരത്തിന് എയര്‍ഇന്ത്യയും
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് വെറും 7,445 രൂപയ്ക്ക് സഞ്ചരിക്കാം. ഒക്ടോബര്‍ 8നും 14നും ഇടയ്ക്ക് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. ഈ ഓഫര്‍ വഴി നവംബര്‍ 30 വരെ സ്‌പെഷ്യല്‍ നിരക്കില്‍ യാത്ര ചെയ്യാം. ഇ.എം.ഐ രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടൂറിസത്തിന് ഗുണം ചെയ്യും
വിമാനക്കമ്പനികള്‍ നിരക്ക് കുറയ്ക്കുന്നത് രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് നേട്ടമാകും. ആഭ്യന്തര വിനോദസഞ്ചാരികള്‍ യാത്രയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നത് എയര്‍ലൈന്‍ സര്‍വീസിനെയാണ്. ഇടക്കാലത്ത് നിരക്ക് വലിയ രീതിയില്‍ കൂടിയപ്പോള്‍ കേരളത്തിലേക്ക് അടക്കം വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നിരുന്നു. വിമാന കമ്പനികളുടെ മല്‍സരം കേരളത്തിന്റെ ടൂറിസം വരുമാനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Next Story
Videos