ഗള്‍ഫ് സര്‍വീസുകള്‍ 200ല്‍ നിന്ന് 80ലേക്ക് താഴ്ന്നു, ചെലവും കുതിക്കുന്നു, വരുമാനം കുറയുന്നു; പ്രതിസന്ധിയിലായി ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍

ഇന്ത്യ-ജിസിസി റൂട്ടില്‍ ഇന്‍ഡിഗോ ആയിരുന്നു മേധാവിത്വം പുലര്‍ത്തിയിരുന്നത്. വിപണിവിഹിതത്തിന്റെ 40 ശതമാനത്തോളം ഇന്‍ഡിഗോയുടെ കൈവശമായിരുന്നു
ഗള്‍ഫ് സര്‍വീസുകള്‍ 200ല്‍ നിന്ന് 80ലേക്ക് താഴ്ന്നു, ചെലവും കുതിക്കുന്നു, വരുമാനം കുറയുന്നു; പ്രതിസന്ധിയിലായി ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍
Published on

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍, പാക്കിസ്ഥാന്‍ വ്യോമപാതകള്‍ അടച്ചിട്ടതും ഗള്‍ഫ് മേഖലയിലേക്ക് നിരന്തരം മിസൈല്‍ ആക്രമണം നടക്കുന്നതും വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നതിലേക്ക് നയിച്ചു. വിമാന ഇന്ധനത്തിന്റെ വിലയില്‍ യുദ്ധം തുടങ്ങിയ ശേഷമുണ്ടായ വര്‍ധനയും എയര്‍ലൈന്‍ കമ്പനികളെ ദോഷകരമായി ബാധിക്കുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഏറ്റവും ലാഭകരമായ റൂട്ട് ഗള്‍ഫ് മേഖലയിലേക്കുള്ളതാണ്. ഗള്‍ഫിലെ ഇന്ത്യക്കാരുടെ എണ്ണമാണ് ഈ റൂട്ടിനെ ആകര്‍ഷകമാക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഗള്‍ഫ് റൂട്ടിലേക്കുള്ള വിമാന സര്‍വീസുകളില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 200ലേറെ സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്ക് നടത്തിയിരുന്നു. ഇത് നിലവില്‍ 80ല്‍ താഴെ സര്‍വീസുകളിലേക്ക് താഴ്ന്നു.

ഇന്ത്യ-ജിസിസി റൂട്ടില്‍ ഇന്‍ഡിഗോ ആയിരുന്നു മേധാവിത്വം പുലര്‍ത്തിയിരുന്നത്. വിപണിവിഹിതത്തിന്റെ 40 ശതമാനത്തോളം ഇന്‍ഡിഗോയുടെ കൈവശമായിരുന്നു. സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത് കമ്പനിയുടെ സാമ്പത്തികഭദ്രതയെയും ബാധിച്ചു. പ്രവാസികള്‍ അവധിക്കെത്തുന്ന സീസണ്‍ സമയത്താണ് യുദ്ധം മൂര്‍ധന്യാവസ്ഥയിലെത്തിയത്.

അതേസമയം എയര്‍ ഇന്ത്യയും എയര്‍ഇന്ത്യ എക്‌സ്പ്രസും ഗള്‍ഫ് സര്‍വീസുകള്‍ ഏകദേശം മൂന്നിലൊന്നായി ചുരുക്കി. ഗള്‍ഫ് റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന വിമാനങ്ങള്‍ ആഭ്യന്തര സര്‍വീസിലേക്ക് മാറ്റിയെങ്കിലും കാര്യമായ മെച്ചം വിമാനക്കമ്പനികള്‍ക്ക് ലഭിക്കുന്നില്ല. ഉത്തരേന്ത്യയില്‍ വേനല്‍ ശക്തി പ്രാപിച്ചത് വിനോദസഞ്ചാര മേഖലകളിലേക്കുള്ള സര്‍വീസുകളെ ബാധിക്കുന്നുണ്ട്.

ചെലവ് കുത്തനെ കൂടി

യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കുറച്ചുകാലമായ പാക്കിസ്ഥാന്‍ വ്യോമമേഖല ഒഴിവാക്കിയാണ് പറക്കുന്നത്. ഇതുകാരണം, യാത്രാസമയം അഞ്ചുമണിക്കൂറിലേറെ വര്‍ധിച്ചു. ഇന്ധന ആവശ്യകതയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു.

പശ്ചിമേഷ്യന്‍ യുദ്ധം കനത്തതോടെ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) ഇന്ധനച്ചെലവും വര്‍ധിച്ചു. യുദ്ധം നീണ്ടുനിന്നാല്‍ യാത്രക്കാരെ മാത്രമല്ല വിമാനക്കമ്പനികളുടെ നിലനില്പിനെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

യുദ്ധം നീണ്ടുനിന്നാല്‍ ട്രാന്‍സിറ്റ് ഹബ്ബായി വളരാനുള്ള ഇന്ത്യന്‍ മോഹങ്ങളെ ബാധിക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇന്ത്യ വഴിയുള്ള കണക്ഷനുകള്‍ ഒഴിവാക്കാനുള്ള സാധ്യതയും വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിരക്ക് കൂട്ടി എയര്‍ഏഷ്യ

എണ്ണവില കൂടിയതിന്റെ പശ്ചാത്തലത്തില്‍ വിമാന നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് എയര്‍ഏഷ്യ എക്‌സ് (AirAsia X) തിങ്കളാഴ്ച പ്രഖ്യാപിച്ചു. കമ്പനി ഫ്യൂവല്‍ സര്‍ചാര്‍ജില്‍ 20 ശതമാനവും യാത്രാനിരക്കുകളില്‍ 31 മുതല്‍ 40 ശതമാനവും വര്‍ധന വരുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com