പാര്‍ക്കിംഗ് തലവേദനയാകില്ല: കൊച്ചി വിമാനത്താവളത്തില്‍ ഫാസ്റ്റാഗ് സംവിധാനമെത്തി
കൊച്ചി വിമാനത്താവളത്തില്‍ (CIAL) ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്റ്റാഗ് & സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം. കാത്ത് നില്‍പ്പും നീണ്ട ക്യൂവും ഒഴിവാക്കി പാസ് വഴി എയര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കാം. കാറുകള്‍ക്ക് പ്രവേശിക്കാനും പാര്‍ക്കിംഗ് ഫീസ് നല്‍കാനുമെല്ലാം ഈ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്താം.
പാര്‍ക്കിംഗ് സംവിധാനം മികച്ചതാക്കാന്‍ പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം(PMS), പാര്‍ക്കിംഗ് ഗൈഡന്‍സ് സിസ്റ്റം(PGS) എന്നിവ ചേരുന്ന 'FASTag and Smart Parking' സംവിധാനമാണ് ഇത്. ഈ 'സ്മാർട്ട് പാർക്കിംഗ്' സംവിധാനത്തിൽ നാവിഗേഷൻ സൗകര്യങ്ങളും പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സിയാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുക.
പുതിയ സംവിധാനം എത്തുന്നതോടെ പാര്‍ക്കിംഗ് സമയം രണ്ട് മിനിറ്റ് എന്നുള്ളത് 8 സെക്കന്‍ഡായി കുറയ്ക്കാനാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു.
2,800 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം സിയാലില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഫാസ്റ്റാഗില്ലാതെ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക ലെയ്ന്‍ സംവിധാനവും ഉണ്ടായിരിക്കും.
ഓരോ പാർക്കിംഗ് ഇടത്തിലെയും സ്ഥലലഭ്യത അനുസരിച്ച് പാർക്കിംഗ് എളുപ്പമാക്കുന്ന 'പാർക്കിംഗ് സ്ലോട്ട് കൗണ്ടിംഗ് സിസ്റ്റം', ദേശീയപാതകളിലെ ടോൾ ഗേറ്റുകളിലേതുപോലെ പണമിടപാടുകൾ സാധ്യമാക്കുന്ന ഫാസ്റ്റാഗ് കൗണ്ടറുകൾ, ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന 'ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ' എന്നിവയും വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നു.
ഓട്ടോമാറ്റിക് 'പേഓൺഫൂട്ട് സ്റ്റേഷനു'കളിലൂടെ യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സ്വയം അടക്കാം. എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുന്ന ടാക്‌സികള്‍ക്കും പാര്‍ക്കിംഗ് സംവിധാനം ഒരുക്കും. 60 രൂപയാണ് എന്‍ട്രി ഫീസ്, ഒരു മണിക്കൂര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ 80 രൂപയും.