

ടെലികോം രംഗത്ത് പിടിമുറുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. 2022ല്‍ സ്വന്തമാക്കിയ 5ജി ടെലികോം സ്‌പെക്ട്രം ഭാരതി എയര്‍ടെല്ലിന് വില്‍ക്കാനും തീരുമാനമായി.
212 കോടി രൂപ മുടക്കിയാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക് 400 മെഗാ ഹെര്‍ട്‌സ് (MHz) സ്‌പെക്ട്രം സ്വന്തമാക്കിയത്. ടെലികോം രംഗത്ത് ജിയോ മാതൃകയില്‍ പിടിമുറുക്കാനായിരുന്നു അദാനി ഗ്രൂപ്പിന്റെ പദ്ധതി. സാമ്പത്തിക പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയയെ (വി.ഐ) അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നും സംസാരമുണ്ടായിരുന്നു. പക്ഷേ അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കമ്പനികള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒരു പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് രൂപീകരിക്കാനാണ് സ്‌പെക്ട്രം വാങ്ങിയതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
2022 സ്‌പെക്ട്രം ലേലത്തില്‍ 43,084 കോടി രൂപ മുടക്കിയാണ് ഭാരതി എയര്‍ടെല്‍ 19,800 മെഗാ ഹെര്‍ട്‌സ് 5 ജി സ്‌പെക്ട്രം സ്വന്തമാക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞിരുന്നു. അദാനി ഗ്രൂപ്പില്‍ നിന്നും 400 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം വാങ്ങുന്നതോടെ 5ജി സേവനങ്ങള്‍ കൂടുതല്‍ വേഗതയില്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുമെന്നാണ് എയര്‍ടെല്‍ കരുതുന്നത്. അതിവേഗ, ലോ-ലാറ്റെന്‍സി സേവനങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡാണ് എയര്‍ടെല്‍ വാങ്ങുന്നതെന്നും ശ്രദ്ധേയം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ കണക്ക് പ്രകാരം ജനുവരിയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. 16.5 ലക്ഷം പുതിയ വയര്‍ലെസ് ഉപയോക്താക്കളെയാണ് എയര്‍ടെല്‍ ചേര്‍ത്തത്. മുഖ്യഎതിരാളിയായ റിലയന്‍സ് ജിയോക്ക് 6.8 ലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
അതേസമയം, സ്‌പെക്ട്രം ഏറ്റെടുക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇന്ന് എയര്‍ടെല്ലിന്റെ ഓഹരി വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. എന്നാല്‍ എയര്‍ടെല്ലിന് കീഴിലുള്ള ഭാരതി ഹെക്‌സാകോമിന്റെ ഓഹരികള്‍ ഇന്ന് മികച്ച രീതിയിലാണ് മുന്നേറുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine