ഒരു വര്‍ഷത്തേക്ക് പഴയ നിരക്കില്‍; ചാര്‍ജ് കൂട്ടിയതിനു പിന്നാലെ വില്‍പന തന്ത്രം പുറത്തെടുത്ത് ടെലികോം കമ്പനികള്‍

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ടെലികോം കമ്പനികള്‍ പുതിയ ഓഫറുമായി ഉപയോക്താക്കളെ വലയിലാക്കാന്‍ രംഗത്ത്. ജൂലൈ 4 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുംമുമ്പ് ഒരു വര്‍ഷത്തെ ലോംഗ് ടേം പ്ലാന്‍ എടുക്കുന്നവര്‍ക്ക് വലിയ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
365 ദിവസത്തെ പ്ലാന്‍ മുന്‍കൂറായി എടുക്കുന്നവര്‍ക്ക് പഴയ നിരക്കില്‍ തന്നെ ഓഫര്‍ നല്‍കുമെന്നാണ് മുന്‍നിര ടെലികോം സേവനദാതാക്കളുടെ വാഗ്ദാനം. ഇത്തരത്തില്‍ വലിയ വാഗ്ദാനം നല്‍കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഓഫര്‍ തിരഞ്ഞെടുക്കുന്നവര്‍ ഒരു വര്‍ഷത്തേക്ക് സേവനദാതാക്കളെ മാറ്റില്ലെന്നതാണ്.
ഒരു ഓഫര്‍ പല നേട്ടങ്ങള്‍
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നതോടെ ഉപയോക്താക്കള്‍ സേവനദാതാക്കളെ മാറ്റുന്നത് നിത്യസംഭവമായി മാറി. കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ പരിഷ്‌കാരം സമ്മാനിച്ചത്. പഴയ നിരക്കില്‍ ദീര്‍ഘകാല ഓഫര്‍ നല്‍കുന്നതിലൂടെ ഉപയോക്താക്കളെ ഒരു വര്‍ഷത്തേക്ക് സജീവമായി നിലനിര്‍ത്താനും സാധിക്കും.
ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പാക്കേജാണ് കമ്പനികള്‍ അവതരിപ്പിക്കുന്നതെങ്കിലും ഫലം കാണില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ 28 അല്ലെങ്കില്‍ 84 ദിവസത്തെ ഹ്രസ്വകാല പ്ലാനുകളില്‍ താല്പര്യമുള്ളവരാണ്. ദീര്‍ഘകാല പ്ലാനുകള്‍ക്കായി വലിയൊരു തുക മാറ്റിവയ്ക്കാന്‍ അവര്‍ തയാറായേക്കില്ലെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it