യുഎഇ ജ്വല്ലറി കമ്പനിയില്‍ 80% ഓഹരി സ്വന്തമാക്കാന്‍ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ്; ഇടപാട് ₹9.60 കോടിക്ക്

മലപ്പുറത്ത് 21,780 ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണ കേന്ദ്രമാണ് കമ്പനിക്കുള്ളത്. റീറ്റെയില്‍ ശൃംഖലകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവരാണ് ഉപഭോക്താക്കള്‍
യുഎഇ ജ്വല്ലറി കമ്പനിയില്‍ 80% ഓഹരി സ്വന്തമാക്കാന്‍ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ്; ഇടപാട് ₹9.60 കോടിക്ക്
Published on

മലപ്പുറം ആസ്ഥാനമായ എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡ് യുഎഇയിലെ ജ്വല്ലറി നിര്‍മാണ കമ്പനിയായ എജെസി ജുവല്‍ മാനുഫാക്ചേഴ്സ് (FZC)യുടെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഏകദേശം 9.60 കോടി മൂല്യമുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

പണം നല്‍കുന്നതിന് പകരം ഓഹരികള്‍ കൈമാറുന്ന 'ഷെയര്‍ സ്വാപ്പ്' മാതൃകയിലാണ് ഇടപാട്. ഓഹരിയുടമകളുടെയും ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ ഷാര്‍ജ ആസ്ഥാനമായ കമ്പനി എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയാകും.

5.67 ലക്ഷം ഓഹരികള്‍ കൈമാറും

ഏറ്റെടുക്കലിന്റെ ഭാഗമായി ഓഹരികള്‍ യുഎഇയിലെ കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പ് അംഗത്തിന് എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡിന്റെ 5,67,492 ഓഹരികള്‍ അനുവദിക്കും. ഓഹരിയൊന്നിന് 169.16 എന്ന നിരക്കിലാണ് കൈമാറ്റം. സെബിയുടെ ഐസിഡിആര്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും ഇടപാട്.

ഓഹരികള്‍ ലഭിക്കുന്ന അഫ്സല്‍ റഹ്‌മാന്‍ പെരിങ്കടക്കാടിന് കമ്പനിയില്‍ 8.55 ശതമാനം പങ്കാളിത്തമുണ്ടാകും. പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് പൂര്‍ത്തിയാകുന്നതോടെ പ്രമോട്ടര്‍, പ്രമോട്ടര്‍ ഗ്രൂപ്പ് ഓഹരി പങ്കാളിത്തം 56.33 ശതമാനത്തില്‍നിന്ന് 59.85 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.

വരുമാനം 127.95 കോടി

2024 മേയ് 15ന് ഷാര്‍ജയില്‍ രജിസ്റ്റര്‍ ചെയ്ത എജെസി ജുവല്‍ മാനുഫാക്ചേഴ്സ് (FZC) സ്വര്‍ണാഭരണ നിര്‍മാണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2024ല്‍ 53.82 കോടി രൂപ വരുമാനം നേടിയ കമ്പനി 2025ല്‍ 127.95 കോടി രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 138 ശതമാനമാണ് വളര്‍ച്ച. 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ 72.46 കോടി രൂപയുടെ വരുമാനവും കമ്പനി നേടി.

ഷാര്‍ജയിലെ നിര്‍മാണ സംവിധാനം പ്രയോജനപ്പെടുത്തി പശ്ചിമേഷ്യന്‍ വിപണിയില്‍ ആഭരണ നിര്‍മാണം, പ്രാദേശിക വിതരണം, രാജ്യാന്തര ഉപയോക്തൃ സേവനം തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ കണ്ടെത്താനാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.

18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന എജെസി ജുവല്‍ മാനുഫാക്ചേഴ്സ് റീറ്റെയില്‍ ശൃംഖലകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വതന്ത്ര ജ്വല്ലറികള്‍ എന്നിവയ്ക്കാണ് ഉത്പന്നങ്ങള്‍ നല്‍കുന്നത്. മലപ്പുറത്ത് 21,780 ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണ കേന്ദ്രമാണ് കമ്പനിക്കുള്ളത്.

യുഎഇയിലെ ഭൂരിപക്ഷ ഉടമസ്ഥത രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നേടാനും പ്രാദേശിക വിപണികളിലേക്ക് വളരാനും സഹായിക്കുമെന്ന് എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി. അഷ്റഫ് പറഞ്ഞു.

Malappuram-based AJC Jewel Manufacturers plans to acquire an 80% stake in its Sharjah-based jewellery manufacturing company through a ₹9.60 crore share-swap deal

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com